കത്തിപ്പടര്‍ന്ന് വിവാദങ്ങള്‍, പ്രതികരിക്കാതെ ഡി.ജി.പി വിദേശത്തേക്കു പറക്കുന്നു
തിരുവനന്തപുരം: സി.എ.ജി റിപ്പോര്‍ട്ടിലൂടെ പുറത്തുവിട്ട വിവാദങ്ങള്‍ കത്തിപ്പടരവേ ഡി.ജി.പി ഒടുവില്‍ സര്‍ക്കാര്‍ ചെലവില്‍ വിദേശത്തേക്കു പറക്കുന്നു. ബ്രിട്ടനിലായിരിക്കും വിവാദം തണുക്കുന്നതുവരേ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ഉണ്ടാവുക. യു.കെയില്‍ നടക്കുന്ന യാത്രാസുരക്ഷാ സെമിനാറില്‍ പങ്കെടുക്കാനാണ് ബെഹ്‌റ പോകുന്നതെന്നാണ് സര്‍ക്കാര്‍ രേഖകളില്‍ നിന്നും വ്യക്തമാകുന്നത്.
വിഷയത്തില്‍ ഇതുവരേ ഡി.ജി.പി പ്രതികരിച്ചിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയനുമായി ഡി.ജി.പി കൂടിക്കാഴ്ച നടത്തിയിരുന്നു.
സംഭവത്തില്‍ ഡി.ജി.പിയുടെ പേരെടുത്ത് പറഞ്ഞ് ആദ്യമായാണ് സി.എ.ജി വാര്‍ത്താസമ്മേളനം നടത്തുന്നത്. ഗുരുതരമായ വീഴ്ചയാണ് ഡി.ജി.പിക്കെതിരെ ആരോപിക്കുന്നത്. ഈ അവസരത്തിലുള്ള യാത്ര പ്രശ്‌നത്തില്‍ നിന്നുള്ള ഒളിച്ചോട്ടമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഡി.ജി.പിക്ക് സര്‍ക്കാര്‍ വിദേശയാത്രക്ക് അനുമതി നല്‍കിയിട്ടുണ്ട്. അടുത്ത മാസം മൂന്നു മുതല്‍ അഞ്ചു വരെ ബ്രിട്ടന്‍ സന്ദര്‍ശനത്തിനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഖജനാവില്‍ നിന്നാണ് പൊലിസ് മേധാവിയുടെ യാത്രയ്ക്കുള്ള ചെലവ്. സുരക്ഷാ പ്രശ്‌നങ്ങള്‍ സംബന്ധിച്ച അതീവ വീഴ്ചയെക്കുറിച്ചുള്ള സി.എ.ജി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് ഒരു സുരക്ഷാ സെമിനാറില്‍ പങ്കെടുക്കാന്‍ സംസ്ഥാന ഡി.ജി.പിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.
ഇതിന് പിന്നാലെ സംസ്ഥാനത്ത് സ്വകാര്യ കണ്‍ട്രോള്‍ റൂം വഴി സ്ഥാപനങ്ങള്‍ക്ക് മേല്‍ മുഴുവന്‍ സമയ നിരീക്ഷണം ഏര്‍പ്പെടുത്താനുള്ള സിംസ് പദ്ധതിയിലെ ചട്ടലംഘനങ്ങളും പുറത്തുവന്നിട്ടുണ്ട്.
എന്നാല്‍ വിവാദങ്ങളോട് വ്യക്തിപരമായി പ്രതികരിക്കാന്‍ ഇല്ലെന്നാണ് ലോക്‌നാഥ് ബെഹ്‌റ മാധ്യമങ്ങളോട് പറഞ്ഞത്. ഔദ്യോഗികമായി വിവരങ്ങള്‍ പത്രക്കുറിപ്പിലൂടെ അറിയിക്കും. വ്യക്തിപരമായി പ്രതികരിക്കുന്നത് ചട്ടലംഘനമാവുമെന്നുമാണ് ബെഹ്‌റ വ്യക്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."