നിശാഗന്ധി നൃത്തോത്സവത്തിന് ഇന്ന് ഗവര്‍ണര്‍ തിരിതെളിയിക്കും: 26 വരെ അനന്തപുരിക്ക് ഇനി നൃത്തരാവുകള്‍
തിരുവനന്തപുരം: അനന്തപുരിയില്‍ നൂപുരധ്വനികള്‍ ഉണര്‍ത്തുന്ന നിശാഗന്ധി നൃത്തോത്സവത്തിന് ഇന്നു തിരിതെളിയും. സംസ്ഥാന ടൂറിസം വകുപ്പ് ജനുവരി 26 വരെ സംഘടിപ്പിക്കുന്ന വാര്‍ഷിക നൃത്തോത്സവത്തിന്റെ ഉദ്ഘാടനം ഇന്നു (ജനുവരി 20 ഞായര്‍) വൈകിട്ട് 6.15 ന് കനകക്കുന്നിലെ നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ഗവര്‍ണര്‍ പി. സദാശിവം നിര്‍വഹിക്കും. ടൂറിസം സഹകരണം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഡോ.ശശി തരൂര്‍ എംപി, മേയര്‍ അഡ്വ. വി.കെ പ്രശാന്ത്, കെ മുരളീധരന്‍ എം.എല്‍.എ, കെ.ടി.ഡി.സി ചെയര്‍മാന്‍ എം വിജയകുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു, കൗണ്‍സിലര്‍ പാളയം രാജന്‍, ടൂറിസം ഡയരക്ടര്‍ പി ബാല കിരണ്‍, ടൂറിസം സെക്രട്ടറി റാണി ജോര്‍ജ് എന്നിവര്‍ പങ്കെടുക്കും. നൃത്തരംഗത്ത് സമഗ്ര സംഭാവനയ്ക്കുള്ള നിശാഗന്ധി പുരസ്‌കാരം പ്രശസ്ത മോഹിനിയാട്ട വിദുഷിയായ കലാമണ്ഡലം ക്ഷേമാവതിക്ക് ഗവര്‍ണര്‍ സമ്മാനിക്കും. ഒന്നര ലക്ഷം രൂപയും ഭരതമുനിയുടെ വെങ്കലശില്‍പ്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. നര്‍ത്തകിയെന്ന നിലയിലും അധ്യാപിക എന്ന നിലയിലും മോഹിനിയാട്ടത്തിന് നല്‍കിയ വിലപ്പെട്ട സംഭാവനകള്‍ കണക്കിലെടുത്താണ് പുരസ്‌കാര സമര്‍പ്പണം. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ നൃത്തോത്സവത്തിനുള്ള തുക പ്രധാനമായും സ്‌പോണ്‍സര്‍ഷിപ്പിലൂടെയാണ് കണ്ടെത്തുന്നത്. സര്‍ക്കാരിന്റെ പ്രഖ്യാപിത നയത്തിന്റെ ഭാഗമായി ഡോ. നര്‍ത്തകി നടരാജ് എന്ന ഭിന്നലിംഗത്തില്‍പ്പെട്ട കലാകാരി ഭരതനാട്യം അവതരിപ്പിക്കുന്നു എന്നത് ഇക്കൊല്ലത്തെ നിശാഗന്ധി നൃത്തോത്സവത്തിന്റെ പ്രത്യേകതയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."