പഴകിയ അരി വിതരണം ചെയ്തതായി പരാതി
വാടാനപ്പള്ളി: നാട്ടികയില്‍ മാവേലി സ്റ്റോറില്‍ നിന്ന് പൂത്ത് ദുര്‍ഗന്ധം വമിച്ച അരി വിതരണം ചെയ്തതായി പരാതി. കോണ്‍ഗ്രസ് നേതാക്കളുടെ പരാതിയെ തുടര്‍ന്ന് മാവേലി സ്റ്റോറില്‍ നിന്ന് അരി വിതരണം ചെയ്യുന്നത് നിര്‍ത്തിവച്ചു. മാവേലി സ്റ്റോറിന് സമീപത്തെ ഒരു കടയുടമ ഇവിടെ നിന്ന് കുറുവ ഇനം അരി വാങ്ങിയിരുന്നു. വീട്ടില്‍ വെച്ച് അരി കഴുകുമ്പോഴാണ് പൂത്തതും, ദുര്ഗന്ധമുള്ളതുമാണെന്നും മനസിലാകുന്നത്. ഉടനെ ഇയാള്‍ മാവേലി സ്റ്റോറില്‍ എത്തി പരാതി പറഞ്ഞെങ്കിലും അരി മാറ്റി കൊടുക്കാന്‍ ജീവനക്കാര്‍ തയ്യാറായില്ല. വിവരം അറിഞ്ഞ് ഡി.സി.സി. ജനറല്‍ സെക്രട്ടറി വി.ആര് വിജയന്, നാട്ടിക ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി.എം സിദ്ദിഖ്, കെ.വി സുകുമാരന്‍ എന്നിവര്‍ സ്ഥലത്തെത്തി. കഴിഞ്ഞ ദിവസം മുപ്പതോളം ചാക്ക് കുറുവ അരി മാവേലി സ്റ്റോറില്‍ ഇറക്കിയിരുന്നു. ഇതിലാണ് പൂത്ത് ദുര്‍ഗന്ധം വമിക്കുന്ന അരി ഉണ്ടായിരുന്നത്. അരി പൂത്തതാണെന്ന് വ്യക്തമായതോടെ കോണ്‍ഗ്രസ് നേതാക്കള്‍ ഇക്കാര്യം എടമുട്ടം പാലപ്പെട്ടിയിലെ താലൂക്ക് ഡിപ്പോയില്‍ അറിയിച്ചു. തുടര്‍ന്ന് ഡിപ്പോ അധികൃതര്‍ അരി വിതരണം നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."