ജനവിധിയില്‍ പ്രതീക്ഷയര്‍പ്പിച്ച് ഇറോം ശര്‍മിള
ഇംഫാല്‍: മണിപ്പൂരില്‍ തൗബാല്‍ നിമയസഭാ മണ്ഡലത്തില്‍ വിജയസാധ്യത തള്ളിക്കളയാനാവില്ലെന്ന് ഇറോം ശര്‍മിള. പരാജയപ്പെട്ടാലും പോരാട്ടം തുടരുമെന്നും അവര്‍ പറഞ്ഞു.
രണ്ടുമാസമായി തൗബാല്‍ മണ്ഡലത്തിലെ വീടുകളില്‍ നിരന്തരസന്ദര്‍ശനം നടത്തുകയും ഓരോ വോട്ടര്‍മാരെയും നേരില്‍ കണ്ട് ആശയപ്രചാരണം നടത്തുകയും ചെയ്തിരുന്നു. വോട്ടര്‍മാര്‍ ഭൂരിപക്ഷവും യുവതീ-യുവാക്കളായതുകൊണ്ട് തനിക്കു മികച്ച വിജയപ്രതീക്ഷയാണുള്ളതെന്നും ഇറോം ശര്‍മിള വ്യക്തമാക്കി.
മൂന്നുതവണ മണ്ഡലത്തെ പ്രതിനിധീകരിച്ച മുഖ്യമന്ത്രി ഇബോബി സിങ് ഇവിടെ പറയത്തക്ക തരത്തിലുള്ള ഒരു വികസനവും നടത്തിയിട്ടില്ല. അതുകൊണ്ടുതന്നെ മുഖ്യമന്ത്രിക്കെതിരേ പൊതുവികാരം എല്ലായിടത്തുമുണ്ട്. കോടികള്‍ ചെലവിട്ടുള്ള തന്ത്രങ്ങളാണ് ഇവിടെ രാഷ്ട്രീയ പാര്‍ട്ടികള്‍ നടപ്പാക്കിയത്. തന്റെ ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത തെരഞ്ഞെടുപ്പ് അനുഭവങ്ങളാണു പ്രചാരണരംഗത്തുണ്ടായത്. 16 വര്‍ഷം ജയിലില്‍ അനുഭവിച്ചതിനേക്കാള്‍ തീക്ഷ്ണമായ രാഷ്ട്രീയ അനുഭവങ്ങള്‍ നേരിടേണ്ടി വന്നു. എന്നാല്‍ താന്‍ ഉന്നയിച്ച നിലപാടുകളില്‍നിന്നു പിന്നോട്ടില്ലെന്നും രാഷ്ട്രീയത്തില്‍ സജീവമായി നിന്ന് പുതിയ തലമുറക്ക് തന്റെ പാര്‍ട്ടിയുടെ പ്രാധാന്യത്തെക്കുറിച്ച് കൂടുതല്‍ പഠിക്കാന്‍ അവസരമൊരുക്കുമെന്നും അവര്‍ പറഞ്ഞു.
60 നിയമസഭാ മണ്ഡലങ്ങളില്‍ അഞ്ചിടത്ത് മാത്രമാണ് ഇത്തവണ പ്രജാ പാര്‍ട്ടി മത്സരിക്കുന്നത്. തൗബാല്‍, വാഗബായ് മണ്ഡലങ്ങളില്‍ പ്രമുഖരെ വിറപ്പിക്കാന്‍ ഇപ്പോള്‍ തന്നെ സാധിച്ചിട്ടുണ്ട്.
കോണ്‍ഗ്രസും ബി.ജെ.പിയും വിഘടനവാദ ഗ്രൂപ്പുകളും അഴിച്ചുവിട്ട കള്ളപ്രചാരണങ്ങളുടെ മുനയൊടിക്കാന്‍ കഴിഞ്ഞതായും ഇറോം ശര്‍മിള അവകാശപ്പെട്ടു.
മണിപ്പൂരിലെ പട്ടാളത്തിനു നല്‍കിയ അമിതാധികാരത്തിനെതിരേ പൊരുതുന്നതോടൊപ്പം അഴിമതിക്കെതിരേ ഭാവിയില്‍ ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ കഴിയുമെന്നും ഇറോം ശര്‍മിള പ്രത്യാശ പ്രകടിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."