'ഭാഗ്യം എന്നെ തുണച്ചു...' ശ്രീലക്ഷ്മി മേനോന്
തിരുപ്പൂര്‍ : അപകടം നടക്കുന്ന സമയത്ത് ബസില്‍ എല്ലാവരും ഉറക്കത്തിലായിരുന്നുവെന്നും ഭാഗ്യം ഒന്നുകൊണ്ട് മാത്രമാണ് താന്‍ അപകടത്തില്‍ നിന്നും നിസാര പരുക്കുകളോടെ രക്ഷപ്പെട്ടതെന്നും അവിനാശി അപകടത്തിന്റെ നടുക്കുന്ന നിമിഷങ്ങള്‍ ഓര്‍ത്തെടുത്ത് മലയാളിയായ വിദ്യാര്‍ഥിനി ശ്രീലക്ഷ്മി മേനോന്.
ബംഗളൂരുവില്‍ നിന്നും തൃശൂരിലേക്ക് ഒറ്റയ്ക്ക് വരികയായിരുന്ന ശ്രീലക്ഷ്മി അപകടത്തില്‍ മരണപ്പെട്ട ബസിന്റെ കണ്ടക്ടറോടൊപ്പമാണ് ഇരുന്നിരുന്നത്. ഇടയ്ക്ക് വച്ച് താന്‍ ഉറങ്ങിപ്പോയെന്നും അതിനാല്‍ കണ്ടക്ടര്‍ സീറ്റില്‍ നിന്നും എഴുന്നേറ്റ് പോയോ എന്ന് തനിക്ക് അറിയില്ലെന്നും ശ്രീലക്ഷ്മി പറയുന്നു. കണ്ടക്ടര്‍ മരിച്ച വിവരം വാര്‍ത്തകളിലൂടെയാണ് അറിഞ്ഞതെന്നും ശ്രീലക്ഷ്മി പറയുന്നു.
വലിയ ശബ്ദത്തോടെയുള്ള ഇടി മാത്രമാണ് ആകെ ഓര്മയുള്ളത്. അതിനുശേഷം എല്ലാം ഛിന്നഭിന്നമായി കിടക്കുന്നതാണ് കാണുന്നത്. അപകടം നടന്ന് അല്‍പ്പസമയത്തിനുള്ളില്‍ തന്നെ നാട്ടുകാരും മറ്റും രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി എത്തിയിരുന്നു. അപകടത്തില്‍ പരുക്കേറ്റവരെയെല്ലാം ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പരുക്ക് ഗുരുതരമല്ലാത്തവര്‍ക്ക് സംഭവസ്ഥലത്തുവെച്ച് തന്നെ പ്രഥമചികിത്സ നല്‍കിയിരുന്നു. ഭീതിജനകമായ നിമിഷങ്ങളെ ഓര്‍ത്തെടുത്ത് കൊണ്ട് ശ്രീലക്ഷ്മി വ്യക്തമാക്കി.
ബസിന്റെ വലതുഭാഗത്ത് ഇരുന്നവരെയാണ് അപകടത്തിന്റെ ആഘാതം കാര്യമായി ബാധിച്ചതെന്നും ശ്രീലക്ഷ്മി.
കാലിന് ഗുരുതരമല്ലാത്ത പരുക്കേറ്റ ശ്രീലക്ഷ്മി ചികിത്സയ്ക്ക് ശേഷം തിരുപ്പൂരിലെ സുഹൃത്തിന്റെ വീട്ടിലേക്ക് പോയി. രക്ഷിതാക്കള്‍ എത്തിയ ശേഷം നാട്ടിലേക്ക് മടങ്ങുമെന്നും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."