കുട്ടികളുടെ ആരോഗ്യ സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം 131
ന്യൂയോര്‍ക്ക്: കുട്ടികളുടെ ആരോഗ്യ സൂചികാ കണക്കില്‍ ഇന്ത്യ 131ാം സ്ഥാനത്ത്. ലോകാരോഗ്യ സംഘടനയും യുനിസെഫും മെഡിക്കല്‍ പ്രസിദ്ധീകരണമായ 'ദ ലാന്‍സെറ്റും' സംയുക്തമായി നടത്തിയ സര്‍വേയിലാണ് പുതിയ വെളിപ്പെടുത്തല്‍. കുട്ടികളുടെ ആരോഗ്യം, പോഷകാഹാര ലഭ്യത, സുസ്ഥിര വളര്‍ച്ച, വിദ്യഭ്യാസം എന്നീ മാനദണ്ഡങ്ങള്‍ മുന്‍ നിര്‍ത്തി 180 രാജ്യങ്ങളില്‍ സമിതി നടത്തിയ കണക്കിലാണ് ഇന്ത്യയുടെ സ്ഥാനം വളരെ പിറകിലായത്. പട്ടികയില്‍ അമേരിക്ക 39ാം സ്ഥാനത്താണ്. നോര്‍വെ, സൗത്ത് കൊറിയ, നേതര്‍ലാന്‍ഡ്‌സ് എന്നീ രാജ്യങ്ങളാണ് സൂചികയില്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളിലുള്ളത്.
180 രാജ്യങ്ങളിലെ കുട്ടികളുടെ സുസ്ഥിര വളര്‍ച്ചാ നിരക്കും ഈ രാജ്യങ്ങള്‍ പുറം തള്ളുന്ന ഹരിതഗൃഹ വാതകങ്ങളുടെ തോതും താരതമ്യം ചെയ്തുള്ള പഠനമാണ് 'ദ ലാന്‍സെറ്റ് 'മാഗസിന്‍ പുറത്തു വിട്ടത്. ലോകത്തൊരു രാജ്യവും കുട്ടികളുടെ ആരോഗ്യവും ഭാവിയും സുസ്ഥിരമാക്കുന്നതില്‍ മതിയായ ശ്രദ്ധ പുലര്‍ത്തുന്നില്ലെന്ന് ചൂണ്ടിക്കാട്ടുന്ന പഠനം, വികസിത രാജ്യങ്ങള്‍ വലിയ തോതില്‍ പുറം തള്ളുന്ന കാര്‍ബണ്‍ വാതകങ്ങള്‍ ലോകത്താകമാനമുള്ള കുട്ടികളുടെ ഭാവിക്ക് വലിയ വിപത്താണെന്നും മുന്നറിയിപ്പ് നല്‍കുന്നു. കാലാവസ്ഥയില്‍ സംഭവിക്കുന്ന വ്യതിയാനവും ആഗോള താപന വര്‍ധനവുമെല്ലാം കുട്ടികള്‍ക്ക് വിനാശകരമായ ഭാവിയാണ് വിതക്കുന്നത്. വികസിത രാജ്യങ്ങള്‍ പുറം തള്ളുന്ന ഹരിതഗൃഹ വാതകങ്ങള്‍ ലോകത്തെ മറ്റു ദരിദ്ര രാജ്യങ്ങളിലടക്കം കടുത്ത പാരിസ്ഥിതികാഘാതം സൃഷ്ടിക്കുന്നുണ്ട്. ടി.വിയിലെ പരസ്യങ്ങളില്‍ നിന്നും ഉത്തേജിതരായി കുട്ടികള്‍ വാങ്ങി കഴിക്കുന്ന ജങ്ക് ഫുഡും മറ്റും കുട്ടികളില്‍ അമിത വണ്ണമടക്കം കടുത്ത ആരോഗ്യ പ്രതിസന്ധിക്ക് കാരണമാവുന്നുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. 1975ല്‍ കുട്ടികളിലെ അമിത വണ്ണക്കാര്‍ 11 മില്യണ്‍ ആയിരുന്നുവെങ്കില്‍ 2016ല്‍ ഇത് 124 മില്യണായി വര്‍ധിച്ചെന്നും കണക്കുകള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."