ട്രഷറി നിയന്ത്രണം തുടരും: മന്ത്രി തോമസ് ഐസക്
ആലപ്പുഴ: കേരളത്തിനവകാശപ്പെട്ട ജി.എസ്.ടി കോംപന്‍സേഷന്‍ വിഹിതം കേന്ദ്രം നല്‍കാത്തതിനാല്‍ നിലവിലെ ട്രഷറി നിയന്ത്രണം ഏപ്രില്‍ വരെ തുടരേണ്ടിവരുമെന്ന് ധനവകുപ്പ് മന്ത്രി ഡോ.ടി.എം തോമസ് ഐസക്. എന്നാല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെ നിയന്ത്രണം ബാധിക്കുകയില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ആലപ്പുഴയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
കേന്ദ്രം രണ്ട് ഗഡു കോംപന്‍സേഷന്‍ തന്നു. എന്നാല്‍ ശേഷിച്ചത് ഇനിയും കേരളത്തിന് നല്‍കാന്‍ തയാറായിട്ടില്ല. ഇത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുകയാണ്. കഴിഞ്ഞ ജനുവരി 15 മുതല്‍ അഞ്ച് ലക്ഷത്തില്‍ താഴെയുള്ള ബില്ലുകള്‍ മാത്രമേ ട്രഷറികളില്‍ നിന്ന് ദിവസവും മാറുന്നുള്ളൂ.
നിലവിലെ സാഹചര്യത്തില്‍ ഇത് ഈ സാമ്പത്തിക വര്‍ഷാവസാനം വരെ തുടരും. ഏപ്രില്‍ മുതലേ ഇതിന് മാറ്റം വരൂ.
കൂടുതല്‍ തുകക്കുള്ള ബില്ലുകള്‍ ഡിസ്‌കൗണ്ട് ചെയ്തു നല്‍കാന്‍ ബാങ്കുകള്‍ സന്നദ്ധമായാല്‍ അത്തരം ബില്ലുകള്‍ മാറുന്നതിന് തടസമില്ല.
ഡിസ്‌കൗണ്ട് ചെയ്യാന്‍ തയാറാകുന്ന ബാങ്കുകള്‍ക്ക് മെയ് മാസത്തില്‍ സര്‍ക്കാര്‍ പണം നല്‍കും. മറ്റു ബില്ലുകള്‍ ഇന്നത്തെ സാഹചര്യത്തില്‍ ഏപ്രില്‍ മാസത്തോടെ മാത്രമേ നല്‍കാന്‍ കഴിയൂ എന്ന് മന്ത്രി വ്യക്തമാക്കി.
കേന്ദ്ര ധനകാര്യ കമ്മിഷന്‍ 15,000 കോടി കേരളത്തിന് അനുവദിച്ചിട്ടുണ്ട്. അത് അടുത്ത സാമ്പത്തിക വര്‍ഷമേ ലഭിക്കൂ. ഇത് ലഭിക്കുന്നതോടെ ട്രഷറി നിയന്ത്രണം പൂര്‍ണമായും പിന്‍വലിക്കാന്‍ കഴിയുമെന്ന് മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് 30,000 കോടിയുടെ കിഫ്ബി പദ്ധതികള്‍ നിര്‍വഹണ ഘട്ടത്തിലാണെന്നും ഇത് സംബന്ധിച്ച ജനങ്ങളുടെ ആശങ്കകള്‍ ദൂരീകരിക്കുന്നതിന് ജില്ലകള്‍ തോറും കിഫ്ബി പദ്ധതികളുടെ പ്രദര്‍ശനം സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."