മുഴുവന്‍ ഹജ്ജ് സര്‍വിസുകളും കൈയടക്കി എയര്‍ഇന്ത്യ
അശ്റഫ് കൊണ്ടോട്ടി#
കൊണ്ടോട്ടി: കരിപ്പൂര്‍,നെടുമ്പാശ്ശേരി ഉള്‍പ്പടെ ഇന്ത്യയില്‍ നിന്നുളള ഈ വര്‍ഷത്തെ മുഴുവന്‍ ഹജ്ജ് സര്‍വിസുകളും എയര്‍ ഇന്ത്യക്ക്. ഇതാദ്യമായാണ് എയര്‍ഇന്ത്യ രാജ്യത്തെ മുഴുവന്‍ ഹജ്ജ് എംപാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്നും നേരിട്ട് സര്‍വിസ് നടത്താനൊരുങ്ങുന്നത്. എയര്‍ ഇന്ത്യക്കൊപ്പം ഹജ്ജ് ടെന്‍ഡറില്‍ പങ്കെടുത്ത സഊദി എയര്‍ ലൈന്‍സ്, ജെറ്റ് എയര്‍വെയ്സ്, നാസ് എയര്‍ തുടങ്ങിയ വിമാന കമ്പനികള്‍ നല്കിയ ടെന്‍ഡറുകള്‍ തളളി. ഹജ്ജ് ടെന്‍ഡറില്‍ ഏറ്റവും കുറഞ്ഞ വിമാന നിരക്ക് നല്കിയ വിമാന കമ്പനികള്‍ക്കാണ് ഹജ്ജ് സര്‍വിസിന് അനുമതി ലഭിക്കുക. രാജ്യത്തെ മുഴുവന്‍ എംപാര്‍ക്കേഷന്‍ പോയിന്റുകളിലും ഏറ്റവും കുറഞ്ഞ നിരക്ക് നല്‍കിയത് ഇത്തവണ എയര്‍ഇന്ത്യയാണ്.
മുന്‍വര്‍ഷങ്ങളില്‍ സഊദി എയര്‍ ലൈന്‍സും എയര്‍ ഇന്ത്യയും സംയുക്തമായിട്ടായിരുന്നു തീര്‍ഥാടകരെ കൊണ്ടുപോയിരുന്നത്. കേരളത്തില്‍നിന്നും കരിപ്പൂര്‍,കൊച്ചി വിമാനത്താവളങ്ങളില്‍ നിന്നുമാണ് തീര്‍ഥാടകര്‍ പുറപ്പെടുക. കഴിഞ്ഞ മൂന്ന് വര്‍ഷത്തിലേറെയായി കേരളത്തില്‍ നിന്നുളള ഹജ്ജ് സര്‍വിസ് നടത്തിയത് സഊദി എയര്‍ ലൈന്സായിരുന്നു. ഡിസംബര്‍ 24 നാണ് ടെന്‍ഡര്‍ ക്ഷണിച്ചിരുന്നത്. ജനുവരി 16 വരെയായിരുന്നു അവസാന സമയം.
ഇന്ത്യയിലെയും സഊദിയിലെയും വിമാനക്കമ്പനികള്‍ക്കാണ് ടെന്‍ഡറില്‍ പങ്കെടുക്കുന്നതിനുളള അവസരം നല്‍കിയത്. ഇന്നലെയാണ് ഹജ്ജ് ടെന്‍ഡര്‍ പരിശോധിച്ചത്. ജൂലൈ നാല് മുതല്‍ 20 വരെയുളള ആദ്യഘട്ടത്തിലാണ് കൊച്ചിയില്നിന്നുളള ഹജ്ജ് സര്‍വിസ്. കരിപ്പൂരില്‍നിന്നും ജൂലൈ 21 മുതല്‍ ഓഗസ്റ്റ് അഞ്ച് വരെയുളള രണ്ടാംഘട്ടത്തിലാണ് സര്‍വിസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."