സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫിസില്‍ പൊലിസ് റെയ്ഡ്
നടപടി ഡി.സി.പിയുടെ നേതൃത്വത്തില്‍
തിരുവനന്തപുരം: മെഡിക്കല്‍ കോളജ് പൊലിസ് സ്‌റ്റേഷനുനേരെ കല്ലെറിഞ്ഞ പാര്‍ട്ടി പ്രവര്‍ത്തകരെ പിടികൂടാന്‍ ഡി.സി.പിയുടെ നേതൃത്വത്തില്‍ സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫിസ് പൊലിസ് റെയ്ഡ് ചെയ്തു. ഡി.സി.പിയുടെ ചുമതല വഹിച്ച എസ്.പി ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം അര്‍ധരാത്രിയായിരുന്നു പൊലിസ് സംഘം റെയ്ഡിനെത്തിയത്. ഡി.സി.പി അടക്കമുള്ള പൊലിസ് ഉദ്യോഗസ്ഥരെ സി.പി.എം നേതാക്കളും ഓഫിസിലുണ്ടായിരുന്ന പ്രവര്‍ത്തകരും ചേര്‍ന്ന് ആദ്യം തടയാന്‍ ശ്രമിച്ചെങ്കിലും ഫലംകണ്ടില്ല. പിന്നീട് റെയ്ഡ് നടത്താന്‍ അവര്‍ അനുവദിക്കുകയായിരുന്നു. എന്നാല്‍ കല്ലേറില്‍ പങ്കെടുത്ത ആരെയും ഇവിടെ നിന്ന് പിടികൂടാനും ഡി.സി.പിക്കും സംഘത്തിനും കഴിഞ്ഞില്ല.
അതിനിടെ, പാര്‍ട്ടി ഭരിക്കുമ്പോള്‍ തലസ്ഥാനത്തെ ജില്ലാ കമ്മിറ്റി ഓഫിസില്‍ നടന്ന പൊലിസ് റെയ്ഡ് സി.പി.എമ്മിനുള്ളില്‍ വിവാദമായിട്ടുണ്ട്. എസ്.പിക്കെതിരേ നടപടിയാവശ്യപ്പെട്ട് ജില്ലാ നേതൃത്വം ഭരണനേതൃത്വത്തെയും പാര്‍ട്ടിനേതൃത്വത്തെയും സമീപിച്ചിട്ടുണ്ട്. ശബരിമല ഡ്യൂട്ടിയിലേക്ക് പോയ ആര്‍.ആദിത്യക്ക് പകരമായെത്തിയ ചൈത്ര തെരേസ ജോണ്‍ വുമണ്‍ സെല്ലിലേക്ക് മടങ്ങിപോകാനിരിക്കെയായിരുന്നു റെയ്ഡ്. നിലവില്‍ വുമണ്‍ സെല്‍ എസ്.പിയാണ് ചൈത്ര തെരേസ ജോണ്‍. പാര്‍ട്ടിയെ അവഹേളിക്കുന്ന തരത്തിലുള്ള നിലപാടെടുത്ത എസ്.പിക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് തിരുവനന്തപുരം ജില്ലാ നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്.
ബുധനാഴ്ച രാത്രി അന്‍പതോളം പേരടങ്ങിയ ഡി.വൈ.എഫ്.ഐ സംഘം മെഡിക്കല്‍ കോളജ് പൊലിസ് സ്റ്റേഷന് നേരെ കല്ലെറിയുകയായിരുന്നു. പോക്‌സോ നിയമപ്രകാരം അറസ്റ്റിലായ രണ്ട് പ്രവര്‍ത്തകരെ കാണാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ഈ അതിക്രമം. ഇതേതുടര്‍ന്ന് മുതിര്‍ന്ന നേതാവുള്‍പ്പെടെ അന്‍പതോളം ഡി.വൈ.എഫ്.ഐ, സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരേ പൊലിസ് കേസെടുത്തു. ഇതില്‍ ചിലര്‍ സി.പി.എം ജില്ലാകമ്മിറ്റി ഓഫിസില്‍ ഒളിവില്‍ കഴിയുന്നുണ്ടെന്ന് പൊലിസിന് വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡി.സി.പിയും സംഘവും പാര്‍ട്ടി ഓഫിസ് അര്‍ധരാത്രി റെയ്ഡ് ചെയ്തത്. കീഴുദ്യോഗസ്ഥരില്‍ പലരും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഡി.സി.പി ചൈത്ര തെരേസ ജോണ്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."