മുട്ടത്തൊടി ബേങ്ക് മുക്കുപണ്ട പണയ തട്ടിപ്പ്; മാനേജര്‍ക്കും അപ്രൈസര്ക്കുമെതിരേ വീണ്ടും കേസ്
കാസര്‍കോട്: മുട്ടത്തൊടി ബാങ്കിലെ മുക്കുപണ്ട പണയ തട്ടിപ്പുമായി ബന്ധപ്പെട്ട് വിദ്യാനഗര്‍ പൊലിസ് രണ്ടു കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. നിലവിലെ കേസിലെ പ്രതികളായ ബാങ്ക് മാനേജര്‍ക്കും അപ്രൈസര്ക്കുമെതിരേയാണ് പൊലിസ് വീണ്ടും കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഉടമ അറിയാതെ ബാങ്കിലെ അക്കൗണ്ടില്‍ നിന്ന് ഒന്‍പതു ലക്ഷം പിന്‍വലിച്ചതിനും ബേങ്കില്‍ പണയം വച്ച 12 പേരുടെ സ്വര്‍ണ ഉരുപ്പടികള്‍ കാണാതായതിനുമാണ് കേസ്. ബേങ്ക് സെക്രട്ടറിയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.
ഇപ്പോള്‍ റിമാന്റില്‍ കഴിയുന്ന ബേങ്ക് മാനേജര്‍ അമ്പലത്തറ കോട്ടപ്പാറയിലെ ടി.ആര് സന്തോഷ് കുമാര്‍ (44), അപ്രൈസര്‍ നീലേശ്വരം പള്ളിക്കരയിലെ ടി.വി സതീഷ്( 40) എന്നിവര്‍ക്കെതിരേയാണ് വീണ്ടും കേസെടുത്തിരിക്കുന്നത്.
ബേങ്കില്‍ നിന്ന് നാലുകോടിയിലേറെ രൂപയുടെ മുക്കുപണ്ട പണയ തട്ടിപ്പ് നടത്തിയ കേസില്‍ പ്രതികള്‍ ഇപ്പോള്‍ റിമാന്റിലാണ്.
ഇവരെ കസ്റ്റഡിയില്‍ കിട്ടുന്നതിനു അന്വേഷണ സംഘം ഉടന്‍ കോടതിയെ സമീപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."