കൊറോണ; പകര്‍ച്ചവ്യാധികളേ പ്രതിരോധിക്കാന്‍ ഹറമുകള്‍ പൂർണ്ണ സജ്ജം
ജിദ്ദ:കൊറോണ വൈറസ് ഉള്‍പ്പെടെ ഏത് പകര്‍ച്ചവ്യാധികളേയും പ്രതിരോധിക്കാന്‍ മക്ക മദീന ഹറമുകള്‍ സജ്ജമാണെന്ന് ഇരു ഹറം കാര്യാലയം. ഹറമിലെ മുഴുവന്‍ ഭാഗങ്ങളും ദിനംപ്രതി നാലു തവണയാണ് ശാസ്ത്രീയമായി ശുചീകരിക്കുന്നത്. പുതിയ സാഹചര്യത്തില്‍ തീര്‍ഥാടകര്‍ക്ക് സന്ദേശം നല്‍കാന്‍ ഹറമുകളിലെ സ്ക്രീനുകളും ഉപയോഗപ്പെടുത്തുന്നുണ്ട്.
ലോക മുസ്ലിംകളുടെ തീര്‍ഥാടന കേന്ദ്രമാണ് മക്ക മദീന ഹറമുകള്‍. പതിറ്റാണ്ടുകളായി ശാസ്ത്രീയമായാണ് ഇവിടെ ശുചീകരണം. ദിനം പ്രതി നാലു തവണ ശുചീകരണം നടത്തി ഹറമും പരിസരങ്ങളും അണു വിമുക്തമാക്കുന്നു.
ലോകവ്യാപകമായി കൊറോണ വൈറസ് സാന്നിധ്യം പടരുന്നതിനാല്‍ ജാഗ്രതയിലാണ് ലോകത്തെ പ്രധാന തീര്‍ഥാടന കേന്ദ്രമായ മക്കയും മദീനയും. ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് ഏത് സാഹചര്യങ്ങളും നേരിടാന്‍ സജ്ജമാണിവിടം. മക്ക മദീന ഹറമുകളുടെ അകവും പുറവും ഒരു പോലെ ഓരോ ദിനവും ശുദ്ധമാക്കുന്നു.
സ്വകാര്യ-സര്‍ക്കാര്‍ ഏജന്‍സികളുമായി സഹകരിച്ച് ആവശ്യമെങ്കില്‍ മാസ്കുകള്‍ തീര്‍ഥാടകര്‍ക്ക് എത്തിക്കും. നമസ്കാരത്തിനായി മക്കയില്‍ 13500 കാര്‍പെറ്റുകളാണ് ഉള്ളത്. ഇത് ഓരോ ദിനവും മാറ്റുകയും അണു വിമുക്തമാക്കുകയും ചെയ്യുന്നുണ്ട്. അഞ്ഞൂറോളം പേര്‍ ഇതിനായി ഒരു ഷിഫ്റ്റില്‍ ജോലി ചെയ്യുന്നു.
തീര്‍ഥാടകര്‍ സഞ്ചരിക്കുന്ന പാതകളിലെല്ലാം അണുവിമുക്തമാക്കുന്ന നടപടി നേരത്തേ തന്നെ ഇവിടെയുണ്ട്. സൌദിയില്‍ ഇതുവരെ കൊറോണ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ജാഗ്രത എന്ന നിലക്ക് കൂടുതല്‍ ക്രമീകരണങ്ങള്‍ തുടരും. 70 ലക്ഷം പേരാണ് കഴിഞ്ഞ വര്‍ഷം ഉംറ കര്‍മത്തിന് ഹറമിലെത്തിയത്. ഈ വര്‍ഷം ഒരു കോടി കവിയുമെന്നായിരുന്നു കണക്ക്.
എന്നാല്‍ കൊറോണ പ്രതിരോധ നടപടിയുടെ ഭാഗമായി കഴിഞ്ഞ ദിവസം വിദേശ ഉംറ തീര്‍ഥാടകര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി. നിലവില്‍ രാജ്യത്ത് കര്‍മങ്ങളിലുള്ള തീര്‍ഥാടകര്‍ക്കും രാജ്യത്ത് താമസിക്കുന്ന വിദേശികള്‍ക്കും ഹറമില്‍ പതിവുപോലെ തീര്‍ഥാടനം തുടരാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."