HOME
DETAILS
MAL
കൊവിഡ് 17 മലയാളി മത്സ്യത്തൊഴിലാളികള്‍ ഇറാനില്‍ കുടുങ്ങി
backup
March 02 2020 | 04:03 AM
തിരുവനന്തപുരം: കൊവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം സ്വദേശികളായ 17 മത്സ്യത്തൊഴിലാളികള്‍ ഇറാനില്‍ കുടുങ്ങി. വൈറസ് ഭീഷണിയെ തുടര്‍ന്ന് ഇറാനില്‍ കര്‍ശന ജാഗ്രതാ നിര്‍ദേശം പ്രഖ്യാപിച്ചതിനാല്‍ മുറിയില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലും സാധിക്കാതെ അകപ്പെട്ടിരിക്കുകയാണ് ഇവര്‍. മത്സ്യബന്ധന വിസയില്‍ തിരുവനന്തപുരത്തെ പൊഴിയൂര്‍, വിഴിഞ്ഞം, മരിയനാട് എന്നിവിടങ്ങളില്‍ നിന്ന് നാല് മാസം മുന്‍പാണ് ഇവര്‍ ഇറാനിലെത്തിയത്. 17 മലയാളികളുള്‍പ്പെടെ 200ഓളം മത്സ്യതൊഴിലാളികളാണ് ഇറാനില്‍ കുടുങ്ങിയിരിക്കുന്നതെന്നാണ് വിവരം. ഇവരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചു.
ഇറാനിലെ അസലൂരിലെ മുറിയിലാണ് മത്സ്യത്തൊഴിലാളികള്‍ ഇപ്പോഴുള്ളതെന്നാണ് വിവരം. പൊഴിയൂര്‍ സ്വദേശിയായ അരുള്‍ദാസ് സാമൂഹ്യമാധ്യമങ്ങളിലൂടെ തങ്ങളുടെ അവസ്ഥ പങ്കുവച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. കുടുങ്ങിയവരില്‍ 12 പേര്‍ പൊഴിയൂരില്‍ നിന്നുള്ളവരും നാലുപേര്‍ വിഴിഞ്ഞത്ത് നിന്നുള്ളവരും ഒരാള്‍ മരിയനാട് സ്വദേശിയുമാണ്. നാല് മാസം മുന്‍പാണ് ഇവര്‍ ഇറാനിലെത്തിയത്. മലയാളികള്‍ ഉള്‍പ്പെടെ 23 ഇന്ത്യക്കാരാണ് ഇവര്‍ താമസിക്കുന്ന മുറിയിലുള്ളത്. ഇതുപോലെ പല മുറികളിലായി മലയാളികളുള്‍പ്പെടെ ഇരുന്നൂറിലധികം ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നതായി അരുള്‍ദാസ് പറയുന്നു. ശേഖരിച്ച് വച്ചിരുന്ന ആഹാരസാധനങ്ങള്‍ തീരാറായി. സ്‌പോണ്‍സറുമായി ബന്ധപ്പെട്ടപ്പോള്‍ സര്‍ക്കാര്‍ വൃത്തങ്ങളെ വിവരം അറിയിച്ച് ഇന്ത്യയിലേക്ക് മടങ്ങാനാണ് നിര്‍ദേശിക്കുന്നതെന്ന് ഇവര്‍ പറയുന്നു. കൊവിഡ് പടര്‍ന്നുപിടിക്കുന്നതിനാല്‍ തങ്ങള്‍ക്കും വൈറസ് ബാധയേല്‍ക്കുമോ എന്ന പേടിയും ഇവര്‍ക്കുണ്ട്.
ചൈന കഴിഞ്ഞാല്‍ കൊവിഡ് ബാധിച്ച് ഏറ്റവുമധികം പേര്‍ മരിച്ച രാജ്യം കൂടിയാണ് ഇറാന്‍. ഇവിടെ നിന്നുള്ള വിമാന സര്‍വിസുകളെല്ലാം റദ്ദാക്കിയിട്ടുണ്ട്. വിവരമറിഞ്ഞ് ബന്ധുക്കളും ഏറെ ആശങ്കയിലാണ്. എന്നാല്‍ ഇറാനില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളുടെ മോചനത്തിനായി സര്‍ക്കാര്‍ ശ്രമം തുടങ്ങിയതായും ഇതിനായി നോര്‍ക്കയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി ജെ. മേഴ്‌സിക്കുട്ടിഅമ്മ അറിയിച്ചു. ഇറാനില്‍ കുടുങ്ങിക്കിടക്കുന്നവരുടെ വിവരങ്ങളും വിലാസവും നോര്‍ക്കയ്ക്ക് കൈമാറാനും അതുവഴി എംബസിയുടെ ശ്രദ്ധയില്‍പ്പെടുത്തി ഇവരെ തിരികെ കൊണ്ടുവരാനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഭക്ഷണമടക്കമുള്ള കാര്യങ്ങളിലും എംബസി ഇടപെടലുണ്ടാകും. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും ഒരു മത്സ്യത്തൊഴിലാളിയുമായി ഫോണില്‍ സംസാരിച്ചതായും മന്ത്രി പറഞ്ഞു.
കേന്ദ്രമന്ത്രി ജയശങ്കറിന് മുഖ്യമന്ത്രി കത്തയച്ചു
തിരുവനന്തപുരം: ഇറാനില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ തിരിച്ചുകൊണ്ടുവരുന്നതിനായി ഇടപെടണമെന്ന് അഭ്യര്‍ഥിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു. ഇറാനില്‍ 60 മലയാളികള്‍ ഉള്‍പ്പെടെ നൂറിലധികം പേരാണ് കുടുങ്ങിക്കിടക്കുന്നത്.
കൊവിഡ് ഭീഷണിയെ തുടര്‍ന്ന് ഇറാനില്‍ ജാഗ്രതാനിര്‍ദേശം പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ അവര്‍ക്ക് ഇന്ത്യയിലേക്ക് മടങ്ങിവരാന്‍ കഴിയാത്ത സ്ഥിതിയാണ്. ഈ സാഹചര്യത്തില്‍ ഇവരെ സുരക്ഷിതമായി തിരിച്ചെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ എംബസി ഉദ്യോസ്ഥര്‍ക്ക് നിര്‍ദേശം നല്‍കണമെന്നാണ് മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ഇറാനില്‍ കുടുങ്ങിയ കേരളത്തില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ ഇടപെടല്‍ ഉണ്ടാകണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കേന്ദ്രമന്ത്രിക്ക് ഇ-മെയില്‍ സന്ദേശമയച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."