അതിര്‍ത്തി മേഖലയിലേക്ക് തമിഴ്നാട് കര്‍ഷക സംഘത്തിന്റെ പ്രതിഷേധ മാര്‍ച്ച്
കുമളി: കര്‍ഷകര്‍ക്കെതിരേയുള്ള ദ്രോഹ നടപടികളില്‍ നിന്നും കേരളം പിന്തിരിയണമെന്നാവശ്യപ്പെട്ട് തമിഴ്നാട് കര്‍ഷക സംഘത്തിന്റെ നേതൃത്വത്തില്‍ ഇടുക്കിയുടെ അതിര്‍ത്തി മേഖലയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഇരുപതോളം വരുന്ന കര്‍ഷക സംഘം പ്രവര്‍ത്തകരാണ് കുമളിയിലെത്തിയത്.
സംഭവം അറിഞ്ഞെത്തിയ ഉത്തമ പാളയം ഡി.വൈ.എസ്.പി അരുണാചലത്തിന്റെ നേതൃത്വത്തില്‍ തമിഴ്നാട് പൊലിസ് കുമളി അതിര്‍ത്തി ചെക്പോസ്റ്റിന് സമീപത്ത് വെച്ച് പ്രതിഷേധക്കാരെ തടഞ്ഞു. തേക്കടിയിലെ പാര്‍ക്കിങ് ഏരിയായുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെയ്ക്കുക, കേരളത്തില്‍ കസ്തൂരി രംഗന് റിപോര്‍ട്ട് നടപ്പിലാക്കുക, മുല്ലപ്പെരിയാര്‍ ജലനിരപ്പ് 152 അടിയായി ഉയര്‍ത്തുക, പ്രധാന അണക്കെട്ടും ബേബി ഡാമും ബലപ്പെടുത്താന്‍ സാധന സാമഗ്രികള്‍ കൊണ്ടുപോകുന്നതിന് തമിഴ്നാടിനെ കേരളം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സമരക്കാര്‍ ഉന്നയിച്ചത്. പൊലിസ് തടഞ്ഞതിനെ തുടര്‍ന്ന് പ്രതിഷേധക്കാര്‍ കുമളിയില്‍ നിന്നും കമ്പംമെട്ടിലേക്ക് പോയി. തമിഴ്നാട് കര്‍ഷക സംഘം സംസ്ഥാന പ്രസിഡന്റ് തേനി പി ആര് പാണ്ഡ്യന്, കെ.എം അബ്ബാസ്, ശെങ്കുട്ടവന്, ശിവഗംഗൈ മുരുകന്, രഞ്ജിത് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധ മാര്‍ച്ച് നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."