വെനസ്വല: ഗെയ്തയെ ഭീഷണിപ്പെടുത്തിയാല്‍ ശക്തമായ മറുപടിയെന്ന് യു.എസ്
വാഷിങ്ടണ്‍: വെനസ്വലക്കെതിരേ ഭീഷണിയുമായി യു.എസ്. പ്രതിപക്ഷ നേതാവ് ജുവാന്‍ ഗെയ്തയെയോ യു.എസ് നയതന്ത്ര പ്രതിനിധികളെയോ വെനസ്വല ഭീഷണിപ്പെടുത്തുകയാണെങ്കില്‍ ശക്തമായ മറുപടിയുണ്ടാവുമെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബാള്‍ട്ടന്‍ പറഞ്ഞു. ഭീഷണിപ്പെടുത്തലുകള്‍ ക്രമസമാധാനത്തിനെതിരേയുള്ള കൈയേറ്റമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
വെനസ്വലയുടെ ഇടക്കാല പ്രസിഡന്റായി ഗെയ്തയെ യു.എസ് ഉള്‍പ്പെടെയുള്ള 20 രാജ്യങ്ങള്‍ അംഗീകരിച്ചതിന് പിന്നാലെയാണ് ജോണ്‍ ബാള്‍ട്ടന്റെ മുന്നറിയിപ്പ്. അതിനിടെ പ്രസിഡന്റ് നിക്കോളസ് മദുറോയുടെ സര്‍ക്കാരിനെതിരേ നാളെയും ശനിയാഴ്ചയും രാജ്യ വ്യാപകമായ പ്രതിഷേധം നടത്താന്‍ ഗെയ്ത ആവശ്യപ്പെട്ടു. ജനുവരി 23ന് വെനസ്വലന്‍ പ്രസിഡന്റായി ഗെയ്ത സ്വായം പ്രഖ്യാപിച്ചതോടെയാണ് രാഷ്ട്രീയ പ്രതിസന്ധികള്‍ ആരംഭിച്ചത്. അതിനിടെ വെനസ്വലയുടെ യു.എസിലെ നയതന്ത്ര പ്രതിനിധിയും മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥനുമായ കേണല്‍ ലൂയിസ് സില്‍വ ഇന്നലെ പ്രതിപക്ഷത്തേക്ക് കൂറുമാറിയിരുന്നു.
ഗെയ്തയെ പ്രസിഡന്റായി അംഗീകരിക്കുകയാണെന്ന് പ്രഖ്യാപിച്ച അദ്ദേഹം തന്റെ പാത പിന്തുടരാന്‍ വെനസ്വലന്‍ സൈനികരോട് ആവശ്യപ്പെട്ടിരുന്നു.
അതിനിടെ എട്ട് ദിവസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്നും അല്ലെങ്കില്‍ പ്രതിപക്ഷ നേതാവിനെ രാജ്യത്തിന്റെ പ്രസിഡന്റായി അംഗീകരിക്കുമെന്നും വെനസ്വലക്ക് യൂറോപ്യന്‍ രാജ്യങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. വെനസ്വലയിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് യു.എന്‍ രക്ഷാ സമിതിയില്‍ നടന്ന ചര്‍ച്ചയിലാണ് അന്ത്യശാസനം നല്‍കിയത്.
ഫ്രാന്‍സ്, യു.കെ, ജര്‍മനി, സ്‌പെയിന്‍ മറ്റു യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവരാണ് സംയുക്ത പ്രസ്താവനയില്‍ അന്ത്യശാസനം നല്‍കിയത്. എന്നാല്‍ യൂറോപ്യന്‍ രാജ്യങ്ങളുടെ ആവശ്യത്തെ മദുറോ തള്ളി. അന്ത്യശാസനം പിന്‍വലിക്കണമെന്നും വെനസ്വലക്ക് യൂറോപുമായി ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ പ്രസിഡന്റ് പദവിയെ എതിര്‍ക്കുന്നവരുമായി കാര്യക്ഷമമായ ചര്‍ച്ചക്ക് തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."