പഞ്ചായത്ത് ദിനാഘോഷ ധൂര്‍ത്ത് അവസാനിപ്പിക്കുക: കെ.പി.എ മജീദ്
കോഴിക്കോട്: പ്രളയക്കെടുതിയില്‍ തകര്‍ന്ന കേരളത്തെ കരകയറ്റാന്‍ പൊതുപണം ഉപയോഗിച്ചുള്ള ആഘോഷങ്ങള്‍ വെട്ടിക്കുറയ്ക്കുമ്പോള്‍ പഞ്ചായത്ത് ദിനാഘോഷത്തിന്റെ പേരില്‍ നടക്കുന്ന ധൂര്‍ത്ത് അവസാനിപ്പിക്കണമെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്.
കേരള ലോക്കല്‍ ബോഡി മെമ്പേഴ്‌സ് ലീഗ് കോഴിക്കോട് സി.എച്ച് ഓഡിറ്റോറിയത്തില്‍ നടത്തിയ സമരപ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫെബ്രുവരി 18നും 19നുമായി തൃശൂരില്‍ നടക്കുന്ന സമ്മേളന മാമാങ്കത്തിനായി തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് നിര്‍ബന്ധ പിരിവ് നടത്താനുള്ള ഉത്തരവ് പിന്‍വലിക്കണം.
പ്രളയക്കെടുതിയെ തുടര്‍ന്ന് ആഘോഷ പരിപാടികള്‍ ഉപേക്ഷിക്കാനും ചെലവുകുറയ്ക്കാനുമുള്ള നിര്‍ദേശത്തിന് പ്രതിപക്ഷം പൂര്‍ണ സഹകരണമാണ് നല്‍കിയത്. കേരളോത്സവവും സ്‌കൂള്‍ കലോത്സവവും വരെ ചെലവുകുറച്ചാണ് നടത്തിയത്. പ്രളയാനന്തര ദുരിതാശ്വാസത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാനായി പഞ്ചായത്ത് ദിനാഘോഷവും സര്‍ക്കാര്‍ മാറ്റിവയ്‌ക്കേണ്ടതായിരുന്നു.
പരിപാടിക്ക് തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് വന്‍തുകയാണ് നിര്‍ബന്ധിത പിരിവായി സര്‍ക്കാര്‍ പിടിച്ചെടുക്കുന്നത്. തൃശൂര്‍ ജില്ലയിലെ 86 പഞ്ചായത്തുകള്‍ 20,000 രൂപ പ്രകാരവും മറ്റു ജില്ലകളിലുള്ള 855 പഞ്ചായത്തുകള്‍ 15,000 രൂപ വീതവും സംഘാടക സമിതിയുടെ അക്കൗണ്ടിലേക്ക് കൈമാറണമെന്നാണ് ഉത്തരവ്. ഇതുവഴി 1.45 കോടിയിലേറെ രൂപയാണ് ആഘോഷത്തിന് പിരിക്കുന്നത്. മുസ്‌ലിംലീഗ് ജനപ്രതിനിധികള്‍ ഫെബ്രുവരി 12ന് സെക്രട്ടേറിയറ്റിനുമുന്നില്‍ സമരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
സൂപ്പി നരിക്കാട്ടേരി അധ്യക്ഷത വഹിച്ചു. മുസ്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കുട്ടി അഹമ്മദ്കുട്ടി, സെക്രട്ടറി അബ്ദുറഹ്മാന്‍ രണ്ടത്താണി, വനിതാലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.പി.കുല്‍സു, എ.ജി.സി ബഷീര്‍, എ.പി ഉണ്ണികൃഷ്ണന്‍, നസീമ വയനാട്, ഉമ്മര്‍ അറക്കല്‍, അഹമ്മദ് പുന്നക്കല്‍, സക്കീന പുല്‍പാടന്‍ പ്രസംഗിച്ചു. സി.കെ.എ റസാഖ് സ്വാഗതവും കല്ലടി അബൂബക്കര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."