ഭീകരവാദ പ്രവര്‍ത്തനം;ബഹ്‌റൈനില്‍ 'ഹിസ്ബുള്ള ഓഫ് ബഹ്‌റൈന്‍' പ്രവര്‍ത്തകര്‍ക്ക് 15 വര്‍ഷം തടവ്
മനാമ: ബഹ്‌റൈനില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കൂട്ടുനിന്നവരെന്ന് സംശയിക്കുന്ന 8 'ഹിസ്ബുള്ള ഓഫ് ബഹ്‌റൈന്‍' പ്രവര്‍ത്തകര്‍ക്ക് ബഹ്‌റൈന്‍ ഹൈക്രിമിനല്‍ കോടതി 15 വര്‍ഷം തടവിന് വിധിച്ചു. ഇവരുടെ ബഹ്‌റൈന്‍ പൗരത്വവും കോടതി മരവിപ്പിച്ചു. കഴിഞ്ഞ കുറെ കാലങ്ങളായി രാജ്യത്ത് നടക്കുന്ന വിവിധ ഭീകര പ്രവര്‍ത്തനങ്ങളിലെല്ലാം ഈ സംഘത്തിനും തീവ്രവാദ ഗ്രൂപ്പിനും പങ്കുള്ളതായി കോടതി നിരീക്ഷിച്ചിട്ടുണ്ട്. രാജ്യത്ത് ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തുക, ഇതിനായി സാമ്പത്തിക സഹായം നല്‍കുക, ആയുധങ്ങള്‍ സൂക്ഷിക്കുക, പോലീസുകാരെ വധിക്കാന്‍ ശ്രമിക്കുക, അനധികൃതമായി സംഘം ചേരുക എന്നിങ്ങനെ ഒട്ടനവധി കേസുകള്‍ ഇതിനകം ഇവര്‍ക്കെതിരെ ചുമത്തപ്പെട്ടിട്ടുമുണ്ട്.
ഹിസ്ബുള്ള ഓഫ് ബഹ്‌റൈന്‍ എന്ന പേരില്‍ പ്രവര്‍ത്തിച്ചിരുന്ന ഇവര്‍ സുരക്ഷാ ഉദ്യോഗസ്ഥരെ ലക്ഷ്യം വച്ചുകൊണ്ടുള്ള സ്‌ഫോടനങ്ങള്‍ ആസൂത്രണം ചെയ്യുകയും,
കലാപമുണ്ടാക്കുകയും, ജനങ്ങളില്‍ ഭീതി സൃഷ്ടിക്കുകയെന്ന ഉദ്ദേശത്തില്‍ ഇതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തതായി രേഖകളില്‍ പറയുന്നു. പ്രവര്‍ത്തനങ്ങള്‍ നടത്തുവാനായി ഇവര്‍ക്ക് ധനസഹായം ലഭിച്ചതായും പറയുന്നുണ്ട്.
2014 ജൂണ്‍ 23ന് നടന്ന ഇത്തരത്തിലുള്ള ഒരു അക്രമ സംഭവത്തെ തുടര്‍ന്നാണ് ഇവര്‍ പിടിയിലായത്. നുവൈദ്രത്തില്‍ കലാപം നടത്തിയ ഇവര്‍ റാലികള്‍ നടത്തുകയും റോഡുകള്‍ ഉപരോധിക്കുകയും ചെയ്തിരുന്നു. ഇക്കാര്യങ്ങള്‍ ഇവര്‍ സമ്മതിക്കുകയും ചെയ്തതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഫോറന്‍സിക് വിഭാഗം നല്‍കിയ തെളിവുകളും കോടതിയില്‍ ഹാജരാക്കി. ഇവരില്‍ 8 പേര്‍ക്ക് 15 വര്‍ഷം വീതം തടവും 200,000 ദിനാര്‍ പിഴയും വിധിച്ച കോടതി 9,10 പ്രതികള്‍ക്ക് 3 വര്‍ഷം തടവും 500 ദിനാര്‍ പിഴയും വിധിച്ചു.
അതേ സമയം ഹിസ്ബുള്ള ഓഫ് ബഹ്‌റൈന്‍ എന്ന സംഘടനയുടെ നീക്കങ്ങള്‍ അധികൃതര്‍ സസൂക്ഷമം നിരീക്ഷിക്കും. ഈ സംഘടനയടക്കം 68 തീവ്രവാദ സംഘടനകളുടെ കരിമ്പട്ടിക ബഹ്‌റൈന്‍ നേരത്തെ പുറത്തുവിട്ടിരുന്നു. ഇതില്‍ ലബനീസ് തീവ്രവാദ സേനയായ ഹിസ്ബുള്ളയെയാണ് പട്ടികയിലാദ്യമായി ചേര്‍ത്തിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."