യു.എ.പി.എ കേസുകള്‍ എടുക്കാന്‍ ഇനി എ.ടി.എഫിന് സ്വതന്ത്ര ചുമതല
കാളികാവ്: സംസ്ഥാനത്തെ യു.എ.പി.എ കേസ് ചുമത്തുന്ന രീതിയില്‍ മാറ്റം. ഇനി പൊലിസ് നേരിട്ട് കേസ് ചുമത്തുകയില്ല.
കേസുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കാന്‍ എ.ടി.എഫിന് (ആന്റി ടററിസ്റ്റ് സ്ക്വാഡ്) ആയിരിക്കും ചുമതല. സ്റ്റേഷന് തലങ്ങളില്‍ ചുമത്തിയിരുന്ന യു.എ.പി.എ കേസുകള്‍ക്കെതിരേ വ്യാപക പരാതി ഉയര്‍ന്നതോടെയാണ് ആഭ്യന്തര വകുപ്പിന്റെ പുതിയ നീക്കം. യു.എ.പി.എ കേസുമായി ബന്ധപ്പെട്ട മുഴുവന്‍ നടപടികളും പൂര്‍ത്തിയാക്കുന്നത് ഇനി എ.ടി.എഫായിരിക്കും.
നിരോധിത സംഘടന പ്രവര്‍ത്തനം തടയുക എന്ന ലക്ഷ്യത്തോടെയാണ് പൊലിസ് യു.എ.പി.എ ചുമത്തിയിരുന്നത്. സംസ്ഥാനത്ത് മാവോയിസ്റ്റുകളുമായി ബന്ധപ്പെട്ട കേസുകളിലാണ് യു.എ.പി.എ കൂടുതല്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. കേസ് എടുക്കാനുള്ള ചുമതല എ.ടി.എഫിന് കൈമാറുന്നതോടെ അനുബന്ധ കേസുകള്‍ പൊലിസ് അന്വേഷിക്കും. തുടര്‍ന്ന് പൊലിസ് നല്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എ.ടി.എഫ് സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തി യു.എ.പി.എ ചുമത്തണമോ എന്ന് തീരുമാനിക്കും.
2018 ല്‍ നിലവില്‍ വന്ന എ.ടി.എഫിന് സംസ്ഥാനത്ത് ഒരു സ്റ്റേഷന് മാത്രമാണ് നിലവിലുള്ളത്. നെടുമ്പാശ്ശേരി ആസ്ഥാനമായുള്ള സ്റ്റേഷന് സംസ്ഥാനത്ത് പൂര്‍ണ സ്വതന്ത്ര ചുമതലയുണ്ട്. അനൂബ് കുരുവിള ജോണ്‍ ഡി.ഐ.ജി ആയുള്ള എ.ടി.എഫിന്റെ ഡിവൈ.എസ്.പി അബ്ദുല്‍ ഖാദറാണ്. ഏത് സ്റ്റേഷന് പരിധിയിലും എ.ടി.എഫിന് കേസെടുക്കാനുള്ള അധികാരമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."