സോമാലിയയിലെ പട്ടിണി മാറ്റാന്‍ അന്താരാഷ്ട്ര സഹായം തേടി യു.എന്‍ സെക്രട്ടറി ജനറല്‍
സോമാലിയ: സോമാലിയയിലെ പട്ടിണി മാറ്റാന്‍ അന്താരാഷ്ട്ര സഹായം തേടി യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ്. സോമാലിയയിലെ അടിയന്തര സന്ദര്‍ശനത്തിനിടെ കോളറയോടും പട്ടിണിയോടും മല്ലിട്ടു കൊണ്ടിരിക്കുന്നവരുടെ വേദനകള്‍ നേരിട്ടറിഞ്ഞ ശേഷമാണ് അദ്ദേഹം ട്വിറ്ററിലൂടെ സഹായമഭ്യാര്‍ത്ഥിച്ചത്.
'കണ്ടുമുട്ടുന്ന ഓരോരുത്തര്‍ക്കും ഭീതിജനകമായ ഓരോ കഥകള്‍ പറയാനുണ്ട്, അവ വാക്കുകള്‍ക്കതീതമാണ.് കാലങ്ങളോളമായുള്ള വരള്‍ച്ച രാജ്യത്തെ പട്ടിണിയിലാക്കി,ശുദ്ധജലത്തിന്റെ ദൗര്‍ലഭ്യത കോളറ പടരാനും കാരണമായി. ആളുകള്‍ മരിച്ചുകൊണ്ടിരിക്കുകയാണ്. ഇത് ഇല്ലാതാക്കാന്‍ നമ്മള്‍ ഒരുമിച്ച് രംഗത്തിറങ്ങണം' അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
ലോകത്തിന്റെ സമ്പദ്‌സമൃദ്ധിയില്‍ അഭിമാനിക്കുമ്പോഴും ഈ കാഴ്ച്ചകള്‍ ഏറെ വേദനിപ്പിക്കുന്നതാണെന്ന് പ്ലാസ്റ്റിക്ക് ഷീറ്റുകൊണ്ട് കെട്ടിയുണ്ടാക്കിയ നൂറുകണക്കിന് കുടുംബങ്ങള്‍ താമസിക്കുന്ന അഭയാര്‍ഥി ക്യാംപ് സന്ദര്‍ശിക്കവെ അദ്ദേഹം പറഞ്ഞു.
ശക്തമായ സുരക്ഷാ ഭീഷണികള്‍ക്കിടയിലാണ് യു.എന്‍ സെക്രട്ടറിയുടെ സോമാലിയ സന്ദര്‍ശനമെന്നതും ശ്രദ്ധേയമാണ്. സോമാലിയന്‍ ജനസംഖ്യയുടെ പകുതി ജനങ്ങളും കടുത്ത പട്ടിണി തള്ളി നീക്കിയാണ് മുന്നോട്ട് പോകുന്നത്. പട്ടിണി മരണങ്ങള്‍ ഇവിടെ ഒരു നിത്യ സംഭവമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."