‘പരിരക്ഷ’ സൗജന്യ വൃക്ക രോഗ നിർണ്ണയ ക്യാമ്പ് വ്യാഴാഴ്ച
റിയാദ്: അന്താരാഷ്ട്ര വൃക്ക ദിനത്തോടനുബന്ധിച്ച് റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ്ങും ന്യൂസഫമക്ക പോളിക്ലിനിക്കും സംയുക്തമായി സംഘടിപ്പിക്കുന്ന "പരിരക്ഷ" സൗജന്യ വൃക്കരോഗ നിർണ്ണയ ക്യാമ്പും ആരോഗ്യ ബോധവത്കരണ സെമിനാറും മാർച്ച് 12ന് വ്യാഴാഴ്ച നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഉച്ചക്ക് രണ്ട് മണി മുതൽ ന്യൂസഫമക്ക പോളിക്ലിനിക്കിൽ വച്ച് നടക്കുന്ന ക്യാമ്പിൽ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്ത അഞ്ഞൂറോളം പേർ പങ്കെടുക്കും.
ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് സ്ക്രീനിംഗ് ടെസ്റ്റ് നടത്തി രോഗലക്ഷണങ്ങൾ കണ്ടെത്തപ്പെട്ടവർക്ക് ലാബ് ടെസ്റ്റുകൾ അടക്കമുള്ള മുഴുവൻ തുടർചികിത്സയും ന്യൂസഫമക്ക പോളിക്ലിനിക്ക് സൗജന്യമായി നൽകും. പങ്കെടുക്കുന്നവർക്ക്
ഹെൽത്ത് ഫിറ്റ്നസ്സ് മോണിറ്റർ വഴി ബോഡി മാസ് ഇൻഡക്സ്, ബ്ലഡ് പ്രഷർ,പൾസ് റേറ്റ്, ബോഡി ഫാറ്റ് ഇൻഡക്സ്,ബോഡി ഫാറ്റ് വെയ്റ്റ്, വെയ്റ്റ് & ഹൈറ്റ്, ഐഡിയൽ മെഷർമെന്റ് എന്നിവ പരിശോധിച്ച് ഫിറ്റ്നസ്സ് റിപ്പോർട്ട് പ്രിൻ്റ് ചെയ്ത് നൽകും.
പ്രവാസികൾക്കിടയിൽ കിഡ്നി രോഗികളുടെ എണ്ണം വർദ്ധിച്ച് വരികയാണെന്നും പ്രവാസികളുടെ ജീവിത ശൈലിയിലും ഭക്ഷണക്രമത്തിലും ഉള്ള വ്യത്യാസമാണ് ഇതിനു മുഖ്യ കാരണമെന്നും ന്യൂ സഫാ മക്ക പോളിക്ലിനിക്കിലെ ഡോ. ഭരതൻ അഭിപ്രായപ്പെട്ടു.അമിത രക്തസമ്മർദ്ദം, പ്രമേഹം തുടങ്ങിയ രോഗങ്ങൾ കൃത്യമായി പരിശോധന നടത്തി കണ്ടെത്തി ചികിത്സ നൽകാൻ പലരും തയ്യാറാകുന്നില്ല. ഇത് വൃക്കയെ നശിപ്പിക്കും. പ്രവാസികൾക്കിടയിൽ ഇത്തരം ക്യാമ്പുകൾ അനിവാര്യമാണെന്നു അദ്ദേഹം പറഞ്ഞു. 'ക്യാമ്പിന്റെ ഭാഗമായി പ്രമുഖർ പങ്കെടുക്കുന്ന സെമിനാർ, ടേബ്ൾ ടോക്ക്, ലഘുലേഖ വിതരണം തുടങ്ങിയ പരിപാടികളും നടക്കും.
ഡോ. ഭരതൻ, വി.എം.അഷ്റഫ്, അഡ്വ.അനീർ ബാബു, മുഹമ്മദ് വേങ്ങര, റഫീഖ് മഞ്ചേരി, ഷറഫ് പുളിക്കൽ എന്നിവർ
പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."