ഡ്രൈവര്‍ കം കണ്ടക്ടര്‍ പരിഷ്‌കാരം അട്ടിമറിക്കാന്‍ ശ്രമം
തിരുവനന്തപുരം: സി.എം.ഡി സ്ഥാനത്തുനിന്നും ടോമിന്‍ തച്ചങ്കരിയെ ഒഴിവാക്കിയതിനു പിന്നാലെ കെ.എസ്.ആര്‍.ടി.സിയില്‍ യൂനിയനുകള്‍ വീണ്ടും ശക്തിയാര്‍ജ്ജിക്കുന്നു. തച്ചങ്കരി കൊണ്ടുവന്ന ഡ്രൈവര്‍ കം കണ്ടക്ടര്‍ പരിഷ്‌കാരം അട്ടിമറിക്കന്‍ യൂനിയനുകള്‍ ശ്രമവും തുടങ്ങി. ഇതിന്റെ ഭാഗമായി ഇന്നലെ തമ്പാനൂര്‍ ഡിപ്പോയില്‍ ഡ്രൈവര്‍ കം കണ്ടക്ടര്‍ ജോലിക്കെത്തിയ ആളെ ഇറക്കിവിട്ടു. പുതിയ സി.എം.ഡി സ്ഥാനമേറ്റെടുക്കുന്നതിനു മുന്‍പ് കരുത്ത് തെളിയിക്കുകയെന്ന ലക്ഷ്യമാണ് ഭരണ, പ്രതിപക്ഷ ഭേദമന്യേ യൂനിയനുകള്‍ക്കുള്ളത്.
തിരുവനന്തപുരത്തുനിന്ന് പാലക്കാട്ടേക്ക് പോകേണ്ട കെ.എസ്.ആര്‍.ടി.സി സ്‌കാനിയ ബസില്‍ ജോലിക്കെത്തിയ ജിനോ എന്നയാളെയാണ് ഇറക്കി വിട്ടത്. പകരം മറ്റൊരാളെ ബസില്‍ കയറ്റി വിടുകയും ചെയ്തു. ഏതെങ്കിലും ഒരു ജോലി ചെയ്താല്‍ മതി. രണ്ടും കൂടി നടത്തേണ്ട എന്നുപറഞ്ഞ് സ്റ്റാന്‍ഡിലുണ്ടായിരുന്ന ഇന്‍സ്‌പെക്ടര്‍മാരടക്കമാണ് തന്നെ ഇറക്കിവിട്ടതെന്നും ജിനോ മാധ്യമങ്ങളോട് പറഞ്ഞു. ഇന്നലെ മുതല്‍ തന്നെ ഡ്രൈവര്‍ കം കണ്ടക്ടര്‍മാരെ ജോലിയില്‍നിന്ന് മാറ്റി നിര്‍ത്തുന്നുണ്ടെന്നും ആക്ഷേപമുണ്ട്. തച്ചങ്കരിയുടെ മാറ്റത്തിനു പിന്നാലെയാണ് ഇതെന്നത് ശ്രദ്ധേയമാണ്.
ഇതിനിടെ തച്ചങ്കരിയുടെ ഇഷ്ടക്കാരായിരുന്ന ജീവനക്കാരുടെ പട്ടിക യൂനിയനുകള്‍ തയാറാക്കുന്നതായും പറയപ്പെടുന്നു. തച്ചങ്കരിയുടെ ഭരണത്തില്‍ യൂനിയനുകള്‍ക്കെതിരേ കടുത്ത നിലപാടെടുത്ത ഉദ്യോഗസ്ഥരെയാണ് നേതാക്കള്‍ നോട്ടമിട്ടിരിക്കുന്നത്. വിവിധ യൂനിറ്റുകളില്‍നിന്ന് തിരഞ്ഞെടുത്ത വിശ്വസ്തരായ 94 പേരാണ് തച്ചങ്കരിയുടെ ടീമിലുണ്ടായിരുന്നത്. ഇവരെ ഉപയോഗിച്ചാണ് തച്ചങ്കരി കെ.എസ്.ആര്‍.ടി.സിയില്‍ യൂനിയനുകള്‍ക്കെതിരേയുള്ള പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ ഏകോപിപ്പിച്ചത്. തങ്ങളുടെ ഏറെക്കാലമായുള്ള ആവശ്യം സാക്ഷാത്കരിച്ച സാഹചര്യത്തിലാണ് ഉദ്യോഗസ്ഥര്‍ക്കെതിരായ നീക്കങ്ങള്‍ക്ക് യൂനിയനുകള്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നും അധികഡ്യൂട്ടി ചെയ്യേണ്ടെന്നും ഡിപ്പോ മേധാവികള്‍ക്ക് യൂനിയന്‍ നേതാക്കള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."