വിദ്യാര്‍ഥിയെ മര്‍ദിച്ചവരെ പൊലിസ് സംരക്ഷിക്കുന്നതായി പരാതി
കൊഴിഞ്ഞാമ്പാറ: കൊഴിഞ്ഞാമ്പാറയില്‍ കഴിഞ്ഞ ദിവസം സുബിഹ് നമസ്ക്കാരത്തിന് പള്ളിയില്‍ പോവുകയായിരുന്ന വിദ്യാര്‍ഥി തെരുവുനായ്ക്കള്‍ ഓടിച്ചതിനെ തുടര്‍ന്ന് പരിസരത്തെ വീട്ടുവളപ്പില്‍ ഓടിക്കയറിയതിന് വീട്ടുടമ മര്‍ദിച്ചവശനാക്കിയ കേസില്‍ പ്രതിയെ അറസ്റ്റുചെയ്യാതെ കൊഴിഞ്ഞാമ്പാറ പൊലിസ് ഒത്തുകളിക്കുകയാണെന്ന് പരാതി. കുട്ടി മോഷ്ടിക്കാനാണ് വളപ്പില്കയറിയതെന്ന് ആരോപിച്ചാണ് വീട്ടുടമ കുട്ടിയെ മര്‍ദിച്ചത്. മോഷണശ്രമം ആരോപിച്ച് കുട്ടിയെ മര്‍ദിക്കുകയും വീടിനകത്ത് തടവിലാക്കുകയും ചെയ്തു. തുടര്‍ന്ന് കുട്ടിയുടെ പിതാവ് പൊലിസിന്റ സഹായത്തോടെ കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു.
അകാരണമായി മകനെ മര്‍ദിക്കുകയും തടവില്‍ വക്കുകയും ചെയ്തവര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് കൊഴിഞ്ഞാമ്പാറ പൊലിസില്‍ പരാതി നല്കി രണ്ടുദിവസം കഴിഞ്ഞും കേസെടുത്തിട്ടില്ലെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥര്‍ കൊഴിഞ്ഞാമ്പാറയിലെത്തി മൊഴി രേഖപ്പെടുത്തിയിട്ടും പൊലിസ് നടപടിയെടുക്കാത്തതിനെതിരേ നിയമ നടപടിക്ക് തയാറെടുക്കുകയാണ് ബന്ധുക്കള്‍.
എന്നാല്‍ കുട്ടിയുടെ പിതാവ് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടപടികള്‍ പുരോഗമിക്കുന്നതായി കൊഴിഞ്ഞാമ്പാറ പൊലിസ് പറഞ്ഞു. ചൈല്‍ഡ് ലൈനിലെ മൊഴികള്‍ രേഖപെടുത്തിയതിന്റെ ഭാഗമായി തുടര്‍ന്നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകളോട് ആവശ്യപ്പെടുമെന്ന് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ അനന്ദന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."