108 ആംബുലന്‍സില്‍ അസം സ്വദേശിനിക്ക് സുഖപ്രസവം
തിരുവനന്തപുരം: അസം സ്വദേശിനി 108 ആംബുലന്‍സില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കി.
ശനിയാഴ്ച അര്‍ധരാത്രിയോടെ പോത്തന്‍കോട് നന്നാട്ടുകാവില്‍ താമസിക്കുന്ന അസം സ്വദേശിനി ഫോറിനിസക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഭര്‍ത്താവ് താജുദ്ദീന്‍ ആശുപത്രിയില്‍ കൊണ്ടുപോകാനായി 108 ആംബുലന്‍സിന്റെ സേവനം തേടുകയായിരുന്നു.
ഉടന്‍ വാമനപുരം കേന്ദ്രമാക്കി ഓടുന്ന 108 ആംബുലന്‍സ് സ്ഥലത്തെത്തിയിരുന്നു. ആംബുലന്‍സിലെ എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യനായ(ഇ.എം.ടി) രഞ്ജിത്ത് പരിശോധിക്കുകയും കുഞ്ഞ് പുറത്തുവരാറായി എന്ന് മനസിലാക്കിയതിനെ തുടര്‍ന്ന് ഫോറിനിസയെ 108 ആംബുലന്‍സിലേക്ക് മാറ്റുകയും ചെയ്തു.
ആശുപത്രിയിലേക്ക് പോകുംവഴി ചാത്തന്‍പാട് വച്ച് യുവതിയുടെ നില മോശമാകുന്നത് കണ്ട രഞ്ജിത്ത് ആംബുലന്‍സ് നിര്‍ത്തിപ്പിച്ച് പ്രസവം എടുക്കുകയുമായിരുന്നു.
കുഞ്ഞ് പുറത്തുവന്ന ഉടനെ പ്രഥമ ശുശ്രൂഷകള്‍ രഞ്ജിത്ത് നല്‍കി. ആംബുലന്‍സ് ഡ്രൈവര്‍ മണികണ്ഠന്റെ പ്രയത്‌നത്തില്‍ ഇരുവരെയും നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചു. ഇരുവരും സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."