ചന്തേര അടിപ്പാത ഗതാഗതയോഗ്യമാക്കാന്‍ നാട്ടുകാര്‍
ചെറുവത്തൂര്‍: സ്വപ്ന സാഫല്യമായി നിര്‍മിച്ച അടിപ്പാത ഗതാഗതയോഗ്യമാക്കാന്‍ ജനകീയ ശ്രമം. പടിഞ്ഞാറേക്കര നിവാസികളാണ് കോടികള്‍ ഉപയോഗിച്ച് നിര്‍മിക്കുകയും വെള്ളക്കെട്ട് മൂലം ഉപയോഗ ശൂന്യമായി മാറുകയും ചെയ്ത ചന്തേര അടിപ്പാത ഗതാഗതയോഗ്യമാക്കാന്‍ മുന്നിട്ടിറങ്ങിയത്. ചന്തേര പടിഞ്ഞാറെക്കര നവോദയ വായനശാലയുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവൃത്തികള്‍ നടത്തുന്നത്.
പിലിക്കോട്, പടന്ന പഞ്ചായത്തുകളെ ബന്ധിപ്പിച്ച് ചന്തേര ട്രെയിന്‍ ഹാള്‍ട്ടിന് സമീപം നാലുവര്‍ഷങ്ങള്‍ക്ക് മുന്‍പാണ് അടിപ്പാത നിര്‍മിച്ചത്. എന്നാല്‍ ഇവിടെ ഉറവ വെള്ളം കെട്ടിക്കിടക്കാന്‍ തുടങ്ങിയതോടെ അടിപ്പാത ഉപയോഗശൂന്യമാവുകയും ചെയ്തു. ഇതിനിടയില്‍ അനുയോജ്യമല്ലാത്ത സ്ഥലത്ത് നിര്‍ബന്ധപൂര്‍വം അടിപ്പാത നിര്‍മിച്ചതാണ് പരാജയകാരണമെന്ന് പി. കരുണാകരന്‍ എം.പി തുറന്നു പറയുകയും ചെയ്തു. ഇതോടെയാണ് അടിപ്പാത വിഷയം സജീവ ചര്‍ച്ചയായതും അവസാന ശ്രമമെന്ന നിലയില്‍ ജനങ്ങള്‍ രംഗത്തിറങ്ങിയതും.
ഇതിന്റെ ഭാഗമായി അടിപ്പാതയില്‍ കെട്ടിക്കിടക്കുന്ന വെള്ളം മുഴുവന്‍ മോട്ടോര്‍ ഉപയോഗിച്ച് വറ്റിച്ച് ചെളി നീക്കം ചെയ്തു. മഴക്കാലം ആരംഭിക്കുന്നതു വരെ ബൈക്ക്, ഓട്ടോറിക്ഷ എന്നിവ കടന്നു പോകാനുള്ള സൗകര്യമൊരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സി.പി.എം ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണന്‍, മുന്‍ എം.എല്‍.എ കെ. കുഞ്ഞിരാമന്‍, പഞ്ചായത്ത് പ്രസിഡന്റ് ടി.വി ശ്രീധരന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി. ശുചീകരണ പ്രവൃത്തികള്‍ക്ക് കെ.ടി ശിവദാസന്‍, വി. മാധവി, രാകേഷ് പയങ്ങപ്പാടന്‍, സി.വി രവി നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."