രേഖയില്‍ ഭൂമിയും വീടുമുണ്ട്: ഫലത്തില്‍
വടക്കാഞ്ചേരി : ഓട്ടുപാറ നഗരഹൃദയത്തില്‍ സ്വന്തമായി വീടും ഭൂമിയും ഉണ്ടായിട്ടും അധികൃതരുടെ തലതിരിഞ്ഞ നയം മൂലം അതിന്റെയൊന്നും ഗുണഫലം ലഭിയ്ക്കാതെ ഭൂമിയും വീടും ഇല്ലാത്തവരുടെ പട്ടികയില്‍ വയോധിക കുടുംബം. സംസ്ഥാന പാതയോടു ചേര്‍ന്നു ഓട്ടുപാറ ജില്ലാ ആശുപത്രിയ്ക്കു സമീപം താമസിയ്ക്കുന്ന കുണ്ടുപറമ്പില്‍ വീട്ടില്‍ യൂസഫും(73), ഭാര്യ സഫിയയുമാണു ഈ നിര്‍ഭാഗ്യര്‍.
റീ സര്‍വേ കഴിഞ്ഞതോടെയാണു 75 വര്‍ഷം തന്റെ കൈവശമിരുന്ന ഭൂമി തന്റേതല്ലാതായതെന്നു യൂസഫ് പറയുന്നു. ഉദ്യോഗസ്ഥര്‍ക്കു സംഭവിച്ച വീഴ്ച പരിഹരിച്ചു കിട്ടാന്‍ വാര്‍ധക്യത്തിലും യൂസഫ് കയറിയിറങ്ങാത്ത ഓഫീസുകളില്ല. എല്ലാ രേഖകളും തന്റെ കൈവശമുണ്ടായിട്ടും ഇതാണു ഗതിയെന്നും അദ്ദേഹം പരിതപിയ്ക്കുന്നു . 2013 വരെ നികുതി അടച്ചിരുന്നതാണ്. നഗരസഭയില്‍ ഇപ്പോഴും വീടിനു കെട്ടിട നികുതി അടയ്ക്കുകയും ചെയ്യുന്നു. 2014 മുതല്‍ ഭൂനികുതി അടയ്ക്കാന്‍ ഉദ്യോഗസ്ഥര്‍ അനുവദിയ്ക്കുന്നില്ലെന്നു യൂസഫ് സങ്കടത്തോടെ പറയുമ്പോള്‍ അതില്‍ അധികൃത അവഗണനയോടുള്ള പ്രതിഷേധ കനലെരിയുകയാണ്. വിവിധ ഓഫിസുകളില്‍ പരാതിനല്‍കി മടുത്തു മുന്‍ മുഖ്യമന്ത്രിമാരായ വി.എസ് അച്ചുതാനന്ദന്‍ , ഉമ്മന്‍ ചാണ്ടി, നിലവിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ക്കെല്ലാം പരാതി നല്‍കിയിട്ടും നടപടിയൊന്നും ഉണ്ടായില്ല. വയോധിക ക്ഷേമത്തിനു വേണ്ടി ഒട്ടേറെ ചെയ്യുന്നെന്നു അവകാശപ്പെടുന്ന പിണറായി സര്‍ക്കാരിനു നല്‍കിയ നിവേദനത്തിനു ഒരു മറുപടി പോലും ലഭിച്ചില്ലെന്നും യൂസഫും കുടുംബവും വ്യക്തമാക്കുന്നു.
തങ്ങളുടെ ചുറ്റുമുള്ള വീടുകള്‍ക്കും സ്ഥലത്തിനും ഇല്ലാത്ത പ്രശ്‌നങ്ങള്‍ തങ്ങളുടെ ഭൂമിയ്‌ക്കെന്താണെന്നു ചോദിയ്ക്കുമ്പോള്‍ ഉത്തരമില്ല ഉദ്യോഗസ്ഥര്‍ക്ക് . ഏഴര പതിറ്റാണ്ടു താമസിച്ച വീട്ടില്‍ കുടിയിറക്കു ഭീഷണിയില്ലാതെ താമസിയ്ക്കാന്‍ നിയമനടപടിയ്‌ക്കൊരുങ്ങുകയാണു 75ാം വയസിലും ടാക്‌സി വാഹനം ഓടിച്ചു നിത്യവൃത്തിയ്ക്കുള്ള തുക കണ്ടെത്തുന്ന യൂസഫ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."