ഉപതെരഞ്ഞെടുപ്പ്: ഇനി 33 നാള് പെരുമാറ്റച്ചട്ടം
മലപ്പുറം: പതിനാറാം ലോക്സഭയില്‍ സംസ്ഥാനത്തെ ആദ്യ ഉപതെരഞ്ഞെടുപ്പിനു കാഹളം മുഴങ്ങിയതോടെ മലപ്പുറത്തിന് ഇനി 33 നാള് മാതൃകാ പെരുമാറ്റച്ചട്ടം. ജില്ലയിലെ ഏഴു നിയമസഭാ മണ്ഡലങ്ങള്‍ ചേര്‍ന്ന മലപ്പുറം ലോക്സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് തിയതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് പ്രഖ്യാപിച്ചതോടെയാണ് ജില്ലയില്‍ മുഴുവനായി മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍വന്നത്.
ഏപ്രില്‍ 12നു തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതുവരെ ഇതു തുടരും. കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ക്കു പുറമേ ബന്ധപ്പെട്ട സ്ഥാനാര്‍ഥികള്‍, രാഷ്ടീയ പാര്‍ട്ടികള്‍ എന്നിവയും മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ പരിധിയില്‍വരും. ഉപതെരഞ്ഞെടുപ്പ് മുന്നില്‍കണ്ടു ജില്ലയിലെ തെരഞ്ഞെടുപ്പ് വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള ഒരുക്കങ്ങള്‍ നേരത്തെതന്നെ ആരംഭിച്ചിരുന്നു. സമാധാനപരമായി തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനും ലോക്സഭാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും ജില്ലയിലെ അംഗീക്യത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ഇന്നു നടക്കും. ജില്ലാ കലക്ടര്‍ അമിത് മീണയുടെ നേതൃത്വത്തില്‍ കലക്ടറേറ്റില്‍ വൈകിട്ട് നാലിനാണ് യോഗം നടക്കുക. വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കുന്നതും ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ അറിയിപ്പുകള് തെരഞ്ഞെടുപ്പ് കമ്മിഷന് അടുത്ത ദിവസം പ്രഖ്യാപിക്കും. ഇലക്ട്രോണിക് വോട്ടിങ് മെഷീന് ഉപയോഗിച്ചുതന്നൊണ് ഉപതെരഞ്ഞെടുപ്പ് നടക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."