രവീന്ദ്രന്‍ പിള്ള വധശ്രമം യഥാര്‍ഥ പ്രതികളെ അറസ്റ്റ് ചെയ്യണം: ബിന്ദുകൃഷ്ണ
കൊല്ലം: അഞ്ചലിലെ സി.പി.എം നേതാവായിരുന്ന രവീന്ദ്രന്‍ പിള്ളയ്ക്ക് നേരെ ഉണ്ടായ വധശ്രമത്തില്‍ സി.പി.എം നേതാക്കന്‍മാര്‍ക്ക് പങ്കുണ്ടെന്ന അദ്ദേഹത്തിന്റെ ഭാര്യയുടെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണെന്നും, ഇത് ശരിയാണെങ്കില്‍ സി.പി.എം കാലാകാലങ്ങളില്‍ രക്തസാക്ഷികളെ സൃഷ്ടിക്കുന്നതിന് പിന്നില്‍ സ.പി.എം നേതാക്കള്‍ തന്നെയാണോ എന്ന് പൊതുസമൂഹം സംശയിച്ചാല്‍ അവരെ കുറ്റം പറയാന്‍ ആവില്ലെന്ന് ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ.
ലോക്കല്‍ പൊലിസിന്റെ അന്വേഷണം തൃപ്തികരമാകാതെ ക്രൈംബ്രാഞ്ചിനെ അന്വേഷണം ഏല്‍പ്പിച്ചെങ്കിലും ഇതിനിടയില്‍ അറസ്റ്റ് ചെയ്ത പ്രതികള്‍ യഥാര്‍ഥ ആളുകള്‍ അല്ലെന്ന് രവീന്ദ്രന്‍ പിള്ള തന്നെ പറഞ്ഞിട്ടുണ്ട്. ഇദ്ദേഹത്തിനെതിരെ അക്രമത്തിന് തിരിയാനുള്ള യഥാര്‍ഥ കാരണം കണ്ടെത്തുവാനോ അക്രമത്തിന് ചുമതലപ്പെടുത്തിയ നേതാക്കളെ പുറത്ത് കൊണ്ട് വരാനോ പോലീസിന് കഴിഞ്ഞിട്ടില്ലെന്നും ഏറ്റവും ഒടുവില്‍ ഈ കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട ഒന്നാം പ്രതി തന്നെ നെടുമ്പനയിലെ ഒരു സി.പി.എം നേതാവാണ് ഈ കേസില്‍ തന്നെ വ്യാജമായി പ്രതിയാക്കിയെന്ന് ഇപ്പോള്‍ ആരോപിച്ചിട്ടുണ്ട്.
ഇടത് ഭരണത്തിന്റെ നാളുകളില്‍ ആക്രമിക്കപ്പെട്ട സി.പി.എം നേതാവിന്റെ കേസിലെ യഥാര്‍ഥ പ്രതികളെ കണ്ടെത്താന്‍ കഴിയാതെ പൊലിസ് ഇരുട്ടില്‍ തപ്പുന്നതിനെ ന്യായീകരിക്കുകയും യു.ഡി.എഫിന്റെ കാലഘട്ടത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം മരവിച്ചു എന്ന് വാര്‍ത്ത നല്‍കുകയും ചെയ്ത സി.പി.എം ജില്ലാ സെക്രട്ടറിക്ക് രവീന്ദ്രന്‍ പിള്ളയുടെ ഭാര്യയെയും കുടുംബത്തെയും പോലും ബോധ്യപ്പെടുത്താന്‍ കഴിയാതെ അപഹാസ്യനായി മാറുകയാണെന്ന വിവരം അദ്ദേഹം തിരിച്ചറിയണമെന്നും ബിന്ദുകൃഷ്ണ ആവശ്യപ്പെട്ടു.
സത്യം വെളിപ്പെടുത്തിയതിലൂടെ തന്റെ കുടുംബത്തിന് ഭീഷണി ഉണ്ടെന്ന രവീന്ദ്രന്‍ പിള്ളയുടെ ഭാര്യ ബിന്ദുവിന്റെ വെളിപ്പെടുത്തലോടെ സി.പി എമ്മിന്റെ കണ്ണിലെ കരടായി തീര്‍ന്ന ഇവരുടെ കുടുംബത്തിന് മതിയായ പൊലിസ് സംരക്ഷണം നല്‍കണമെന്നും ഡി.സി.സി പ്രസിഡന്റ് ആവശ്യപ്പെട്ടു.
രവീന്ദ്രന്‍ പിള്ളയ്ക്ക് നേരെയുണ്ടായ കൊലപാതക ശ്രമത്തിലെ യഥാര്‍ഥ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥന്‍മാരുടെ പേരില്‍ നടപടികള്‍ സ്വീകരിക്കണമെന്നും അക്രമത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച സി.പി.എം നേതാക്കളുടെ പങ്ക് വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് കൊല്ലം ക്രൈംബ്രാഞ്ച് ഓഫിസിലേക്ക് മൂന്നിന് രാവിലെ 10ന് കോണ്‍ഗ്രസ് പാര്‍ട്ടി മാര്‍ച്ച് നടത്തുമെന്ന് ഡി.സി.സി പ്രസിഡന്റ് അറിയിച്ചു.
മാര്‍ച്ച് മുന്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."