അരൂക്കുറ്റിയിലെ ആധുനിക പൊതുശ്മശാന നിര്‍മാണം പൂര്‍ത്തിയായി
പൂച്ചാക്കല്‍: അരൂക്കുറ്റിയിലെ ആധുനിക പൊതുശ്മാന നിര്‍മാണം പൂര്‍ത്തിയാകുന്നു. അരൂക്കുറ്റി പഞ്ചായത്ത് ആറാം വാര്‍ഡ്, വടുതല ജങ്ഷന് കിഴക്ക് ഭാഗത്തെ പ്രശാന്തി പൊതുശ്മശാനമാണ് നിര്‍മാണം പൂര്‍ത്തിയായത്.1 978ലെ പഞ്ചായത്ത് ഭരണസമിതിയാണ് 27 സെന്റ് ഭൂമി പൊതു ശ്മശാനത്തിനായി വിലക്ക് വാങ്ങിയത്. അത് മതില്‍കെട്ടി പരമ്പരാഗത രീതിയില്‍ ഉപയോഗിച്ച് വന്നിരുന്ന ശ്മശാനമാണ് ഇപ്പോള്‍ ആധുനിക രീതിയിലുള്ള ഗ്യാസ് ക്രിമറ്റോറിയത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി കൊണ്ടിരിക്കുന്നത്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരാണ് ഇതിനായി 48 ലക്ഷം രൂപ അനുവദിച്ചത്. 12 ഗ്യാസ് കുറ്റികള്‍ നിരത്തിവെച്ച് അവകള്‍ ഒരേ സമയം പ്രവര്‍ത്തിപ്പിച്ചാണ് മൃതദേഹങ്ങള്‍ സംസ്‌ക്കരിക്കുന്നത്.
ഒരു മണിക്കൂറിനുള്ളില്‍ സാധാരണ രീതിയിലുള്ള ഒരു ശരീരം ദഹിപ്പിക്കാന്‍ കഴിയും. ഇതിനായി ഒരു സിലിണ്ടര്‍ ഗ്യാസ് മാത്രമാണ് ചെലവാകുന്നത്. 35 മീറ്ററോളം ഉയരത്തില്‍ ഘടിപ്പിച്ചിട്ടുള്ള പുകക്കുഴലിലൂടെ പുക പുറത്തേക്ക് പോകുകയും കത്തി തീര്‍ന്ന അവശിഷ്ടങ്ങള്‍ അവിടെ സ്ഥാപിച്ചിട്ടുള്ള ടാങ്കിലേക്ക് വീഴുകയും ചെയ്യും. ഗ്യാസിലായത് കൊണ്ട് കുറഞ്ഞ പുകയേ ഉണ്ടാകുകയുള്ളു. തൃശ്ശൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കോസ്റ്റ് ഫോര്‍ഡ് എന്ന കമ്പനിയെയാണ് ഇതിന്റെ നിര്‍മാണ ചുമതല എല്‍പിച്ചിരുന്നത്. നിലവിലെ ഭരണ സമിതിയാണ് പൂര്‍ത്തീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത്. ഗ്രൗണ്ടില്‍ ടൈലുകള്‍ പാകുന്നതിനും, ഇടഭിത്തി നിര്‍മാണത്തിനും, മറ്റ് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കുമായി മൂന്ന് ലക്ഷത്തി 20,000 രൂപയും ഇലക്ട്രിഫിക്കേഷനും മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കുമായി എകദേശം 20000 രൂപയും ചെലവഴിച്ചു.
നിലവിലെ ഭരണസമിതി മൊത്തത്തിലുള്ള 27 സെന്റില്‍ 16 സെന്റ് ഗ്യാസ് ക്രിമി റ്റോറിയത്തിനും ബാക്കിയുള്ള 11 സെന്റ് ഭൂമി പഞ്ചായത്തിലെ കാര്‍ഷിക ഉപകരണങ്ങളും, വിത്തുകളും സൂക്ഷിക്കുന്ന കാര്‍ഷിക സംഭരണശാല നിര്‍മിക്കാന്‍ തീരുമാനമെടുത്തു. 2017 മെയ് 20ന് കൂടിയ ഭരണസമിതി കാര്‍ഷിക സംഭരണശാലക്കായി പത്ത് ലക്ഷം രൂപ വകയിരുത്തുകയും ചെയ്തു.
ഇട ഭിത്തി നിര്‍മാണം നടത്തിയപ്പോള്‍ എതിര്‍പ്പുമായി പൊതുശ്മശാന സംരക്ഷണ സമിതി എന്ന പേരില്‍ ഒരു വിഭാഗം രംഗത്ത് വന്നു. ഹൈകോടതിയില്‍ ഇവരുടെ കേസ് നിലനില്‍ക്കുന്നുണ്ട്. പൊതുശ്മശാനത്തിന്റെ സൗകര്യം കുറച്ചതിലാണ് ഇവര്‍ രംഗത്ത് വന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."