HOME
DETAILS
MAL
ആവശ്യത്തിന് മാസ്‌കും സാനിറ്റൈസറും ഇല്ല; നിരത്തില്‍ ഓടിത്തളര്‍ന്നു പൊലിസുകാര്‍
backup
March 27 2020 | 09:03 AM
തിരുവനന്തപുരം: കൊവിഡ് വ്യാപനം പ്രതിരോധിക്കുന്നതിനായുള്ള സമ്പൂര്‍ണ ലോക്ഡൗണ്‍ നടപ്പാക്കുന്നതിന് രംഗത്തുള്ള പൊലിസുകാര്‍ക്ക് നേരിടേണ്ടി വരുന്നത് കടുത്ത പ്രതിസന്ധികള്‍. ലോക്ഡൗണ്‍ നടപ്പാക്കാന്‍ 24 മണിക്കൂറും രംഗത്തുള്ള ഇവര്‍ക്ക് ആവശ്യത്തിന് മാസ്‌കും സാനിറ്റൈസറും ലഭിക്കാത്ത സ്ഥിതിയുണ്ട്. വൈകുന്നേരം കടകളൊക്കെ അടക്കുന്നതോടെ പിന്നീട് ഡ്യൂട്ടിയില്‍ തുടരുന്നവര്‍ ഭക്ഷണവും വെള്ളവും ലഭിക്കാതെ പട്ടിണിയിലാവുകയാണ്.
സംസ്ഥാനത്തെ 455 സ്‌റ്റേഷനുകളിലും മറ്റു ക്യാംപുകളിലും നിന്നായി അറുപതിനായിരത്തോളം പൊലിസുകാരാണ് കേരളത്തിലുടനീളം ലോക് ഡൗണ്‍ ഫലപ്രദമാക്കാന്‍ രംഗത്തുള്ളത്. ഒരു മാസ്‌ക് പരമാവധി ആറു മണിക്കൂര്‍ മാത്രമേ ഉപയോഗിക്കാവൂ എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ഒരു പൊലിസുകാരന് കുറഞ്ഞത് രണ്ടു മാസ്‌കുകള്‍ എങ്കിലും നല്‍കണം. അങ്ങനെയെങ്കില്‍ പ്രതിദിനം ഒരു ലക്ഷത്തിലധികം മാസ്‌കുകളാണ് പൊലിസ് സേനക്ക് ആവശ്യമായി വരുന്നത്.
നിലവില്‍ ജയിലുകളില്‍ നിന്ന് നിര്‍മിക്കുന്ന കോട്ടണ്‍ മാസ്‌കുകള്‍ മാത്രമാണ് വകുപ്പിന്റെ സ്വന്തം ഉത്തരവാദിത്തത്തില്‍ പൊലിസുകാര്‍ക്ക് ലഭിക്കുന്നത്.
ഇതിനു പുറമെ ജില്ലാ പൊലിസ് മേധാവികള്‍ അവരുടെ മേഖലയില്‍ നിന്നു സംഘടിപ്പിക്കുന്നതും മറ്റു സന്നദ്ധ സഘടനകള്‍ നല്‍കുന്നതും ലഭിക്കുന്നുണ്ട്. എന്നാല്‍ ഇവയൊന്നും മതിയാകുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. പലരും സ്വന്തമായി പണം മുടക്കി മാസ്‌ക് വാങ്ങുകയാണ്. കര്‍ചീഫ് ഉപയോഗിക്കാമെങ്കിലും അത്
വാഹന പരിശോധനക്കും മറ്റും തടസം സൃഷ്ടിക്കും. ആവശ്യത്തിന് സാനിറ്റൈസറുകള്‍ ലഭിക്കാത്ത സ്ഥിതിയും തുടരുകയാണ്. പലയിടങ്ങളിലും സോപ്പും വെള്ളവുമാണ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയത്. എന്നാല്‍ നിരത്തിലെ ഡ്യൂട്ടിക്കിടയില്‍ സോപ്പും വെള്ളവും ഉപയോഗിക്കാന്‍ പ്രായോഗികമായി കഴിയില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. കൈയുറകളും എല്ലായിടത്തും ലഭിച്ചിട്ടില്ല.
വാഹന പരിശോധന നടത്തുമ്പോള്‍ പൊലിസുകാര്‍ നിര്‍ബന്ധമായും മാസ്‌കും കൈയുറയും ധരിക്കണമെന്ന് ഇന്നലെ ഡി. ജി. പി നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ നിര്‍ദേശം പുറപ്പെടുവിക്കുന്നതിനു മുന്‍പ് സേനയില്‍ ഇവയുടെ ലഭ്യത ഉറപ്പു വരുത്തുകയായിരുന്നു വേണ്ടതെന്നു പൊതുവെ അഭിപ്രായമുണ്ട്.
വൈകുന്നേരത്തോടെ കടകള്‍ അ ടക്കുന്നതിനാല്‍ നിരത്തില്‍ ഡ്യൂട്ടിയിലുള്ളവര്‍ക്ക് ഭക്ഷണവും വെള്ളവും എത്തിക്കുന്നതിന് വകുപ്പ് കൂടുതല്‍ കാര്യക്ഷമമായി ഇടപെടണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."