പട്ടിണിമരണ ഭീതിയില്‍ 2 കോടി ജനങ്ങള്‍
യുനൈറ്റഡ് നാഷന്‍സ്: 1945 നു ശേഷം ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ മാനുഷിക ദുരന്തമാണ് ഇപ്പോഴുള്ളതെന്ന് ഐക്യരാഷ്്ട്രസഭ. ആഗോള തലത്തിലെ പട്ടിണി രൂക്ഷമാണ്. ഈ മഹാവിപത്തിനെ നേരിടണമെന്നും യു. എന്‍ മനുഷ്യാവകാശ മേധാവി സ്റ്റീഫന്‍ ഒബ്രെയാന്‍ പറഞ്ഞു.
യമന്‍,സൊമാലിയ, ദക്ഷിണ സുദാന്‍, നൈജീരിയ എന്നിവിടങ്ങളിലായി 2 കോടി പേരാണ് പട്ടിണിമരണത്തെ അഭിമുഖീകരിക്കുന്നത്. ഈ വര്‍ഷം 14 ലക്ഷം കുട്ടികളും പട്ടിണി മരണത്തിന്റെ വക്കിലാണെന്ന് നേരത്തെ യുനിസെഫ് അറിയിച്ചിരുന്നു.
ജൂലൈക്കകം ദുരന്തം തടയാന്‍ 4.4 ബില്യന്‍ ഡോളര്‍ വേണമെന്നും ചരിത്രത്തില്‍ ഇത്രയും പ്രതിസന്ധിയെ നേരിട്ടിട്ടില്ലെന്നും ഒബ്രെയാന്‍ സുരക്ഷാ കൗണ്‍സിലില്‍ പറഞ്ഞു.
യു. എന്നിന്റെ ചരിത്രത്തില്‍ തന്നെ ഇത്തരത്തിലൊരു വെല്ലുവിളി ആദ്യമാണ്. ആഗോള സഹായം ലഭിച്ചില്ലെങ്കില്‍ ഇത്രയും പേരെ പട്ടിണി മരണത്തില്‍ നിന്ന് രക്ഷപ്പെടുത്താനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.നിരവധി പേര്‍ ഇതിനകം രോഗം ബാധിച്ചും പോഷകാഹാരക്കുറവു മൂലവും മരണത്തിന് കീഴടങ്ങിയിട്ടുണ്ട്. കുട്ടികള്‍ സ്‌കൂളില്‍ പോകുന്നില്ല. വരള്‍ച്ചയും യുദ്ധവുമാണ് പട്ടിണിയിലേക്ക് നയിച്ചതെന്നും അദ്ദേഹം പറഞ്ഞു. നാലു രാജ്യങ്ങള്‍ പട്ടിണിയുടെ പിടിയിലാണെന്ന് യു. എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് കഴിഞ്ഞ മാസം അറിയിച്ചിരുന്നു.
അന്റോണിയോ ഗുട്ടെറസ് പട്ടിണി പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തുകയും ചെയ്തു. 2017 ല്‍ ഇതുവരെ 90 ദശലക്ഷം ഡോളറാണ് യു. എന്‍ സഹായമായി സ്വീകരിച്ചത്.
ഈ തുക ഇത്രയും പേര്‍ക്ക് ആവശ്യമുള്ള ഭക്ഷണവും വെള്ളവും മരുന്നും എത്തിക്കാന്‍ തികയില്ല. അതിനാല്‍ നാലു രാജ്യങ്ങളിലേക്ക് സഹായമെത്തിക്കാന്‍ കൂടുതല്‍ പണം വേണമെന്ന് യു. എന്‍ ആവശ്യപ്പെട്ടു.
യമനില്‍ ഓരോ പത്തു മിനുട്ടിലും മാരകരോഗം ബാധിച്ച് കുട്ടികള്‍ മരിച്ചുവീഴുന്നുവെന്നും അഞ്ചു വയസിനു താഴെയുള്ള അഞ്ചു ലക്ഷം കുട്ടികള്‍ പോഷകാഹാരക്കുറവു മൂലം ദുരിതത്തിലാണെന്നും യു. എന്‍ പറയുന്നു. യമനിലെ ജനസംഖ്യയുടെ മൂന്നില്‍ രണ്ടുശതമാനം പേരും പട്ടിണിയിലാണ്. 2015 ല്‍ സഊദിയുടെ നേതൃത്വത്തിലുള്ള സഖ്യസേനയും ഹൂതികളും യുദ്ധം തുടങ്ങിയ ശേഷമാണ് ഇവിടെ ഈ സാഹചര്യമുണ്ടായത്.
ദക്ഷിണ സുദാനില്‍ പത്ത് ലക്ഷം പേരാണ് പട്ടിണി മരണത്തെ അഭിമുഖീകരിക്കുന്നത്.
പത്ത് ലക്ഷം പേര്‍ പട്ടിണി നേരിടുന്നു. രാജ്യത്തെ 40 ശതമാനം പേരും പട്ടിണിയിലാണ്. 2013 ല്‍ തുടങ്ങിയ ആഭ്യന്തര യുദ്ധമാണ് ഇവരെ പട്ടിണിയിലാക്കിയത്.
വടക്ക് കിഴക്കന്‍ നൈജീരിയയില്‍ ബോക്കോഹറാമും സര്‍ക്കാരും തമ്മിലുള്ള ആക്രമണത്തില്‍ 75,000 കുട്ടികള്‍ പട്ടിണി മരണത്തിന്റെ വക്കിലാണ്. 7.1 ദശലക്ഷം പേര്‍ നൈജീരിയയിലും ഛാഡ് മേഖലയിലുമായി ഭക്ഷ്യക്ഷാമം നേരിടുന്നവരാണ്.
സൊമാലിയയില്‍ 2.6 ലക്ഷം പേര്‍ പട്ടിണിമൂലം മരിച്ചുവെന്നാണ് കണക്ക്. കഴിഞ്ഞ ആറു വര്‍ഷത്തിനിടെയാണ്.
സൊമാലിയയെ ഈയിടെ പട്ടിണി ബാധിത പ്രദേശമായി യു. എന്‍ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ദിവസം 48 മണിക്കൂറിനിടെ 110 പേരാണ് ഇവിടെ പട്ടിണിയെ തുടര്‍ന്ന് മരിച്ചത്. 62 ലക്ഷം പേര്‍ക്ക് അടിയന്തര സഹായം വേണമെന്നാണ് കണക്ക്. എല്‍നീനോയെ തുടര്‍ന്നുള്ള കൊടുംവരള്‍ച്ചയാണ് സൊമാലിയയെ പട്ടിണിയിലാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."