സഫീര്‍ കൊലപാതക കേസന്വേഷണത്തിലെ അനാസ്ഥ: മുസ്‌ലിം ലീഗ് സമരം ശക്തമാക്കുമെന്ന് നേതാക്കള്‍
മണ്ണാര്‍ക്കാട്: യൂത്ത്‌ലീഗ് പ്രവര്‍ത്തകന്‍ കുന്തിപ്പുഴയിലെ വരോടന്‍ വീട്ടില്‍ സഫീറിന്റെ കൊലപാതക കേസ് അന്വേഷണത്തില്‍ പൊലിസ് അനാസ്ഥ കാണിക്കുന്നതില്‍ പ്രതിഷേധിച്ച് മുസ്‌ലിം ലീഗ് പ്രത്യക്ഷ സമരം ശക്തമാക്കുമെന്ന് നേതാക്കള്‍ മണ്ണാര്‍ക്കാട് വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മുഖ്യപ്രതികളെ ഇനിയും പിടികൂടാനിരിക്കെ സംഭവം കഴിഞ്ഞ് 90 ദിവസം പോലുമാവാതെ റിമാന്റിലായ പ്രതികള്‍ക്ക് ജാമ്യം ലഭിച്ചത് അന്വേഷിക്കണം.
ഒരു കൊലപാതകക്കേസില്‍ ഇത്രയം നിഷ്പ്രയാസം പ്രതികള്‍ ജാമ്യത്തിലിറങ്ങുന്നത് ഇതാദ്യമാണ്. കോടതിയെ ശരിയായ രീതിയില്‍ സംഭവം ധരിപ്പിച്ചിരുന്നുവെങ്കില്‍ പ്രതികള്‍ക്ക് ജാമ്യം ലഭിക്കാനിടയില്ലെന്നും നേതാക്കള്‍ പറഞ്ഞു. പ്രതികളുടെ ജാമ്യത്തിന് പ്രോസിക്യൂട്ടറും പൊലിസും ഒത്തുകളിച്ചൊ എന്നും അന്വേഷിക്കണം. പ്രതികള്‍ക്ക് ലഭിച്ച ജാമ്യം റദ്ദ് ചെയ്യാന്‍ പൊലിസും സര്‍ക്കാറും തയ്യാറാവണമെന്നും അല്ലെങ്കില്‍ ശക്തമായ സമരങ്ങള്‍ക്ക് പാര്‍ട്ടി നേതൃത്വം നല്‍കുമെന്നും നേതാക്കള്‍ പറഞ്ഞു.
പൊലിസും സര്‍ക്കാറും കേസില്‍ ഒത്തുകളിക്കുകയാണ്. കേസിന്‍ ഇനിയും അനാസ്ഥ തുടര്‍ന്നാല്‍ പൊലിസ് സ്റ്റേഷന്‍, എസ്.പി ഓഫിസ്, സെക്രട്ടറിയേറ്റ് മാര്‍ച്ച് അടക്കമുളള സമരങ്ങള്‍ക്ക് പാര്‍ട്ടി നേതൃത്വം നല്‍കുമെന്നും നേതാക്കള്‍ പറഞ്ഞു. ഗൂഢാലോചന പ്രതികള്‍ ഇപ്പോഴും പൊലിസ് നോക്കി നില്‍ക്കെ നാട്ടില്‍ വിലസുകയാണ്.
പൊലിസ് എന്തുകൊണ്ടാണ് പ്രതികളെ പിടികൂടാത്തത്. പൊലിസ് ആരെയാണ് പേടിക്കുന്നതെന്നും നേതാക്കള്‍ ചോദിച്ചു. കേസ് അന്വേഷണം അട്ടിമറിക്കുന്നുവെന്ന ആരോപണ വിധേയനായ മണ്ണാര്‍ക്കാട് സി.ഐയെ മാറ്റാതെ പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയതിലും ദുരൂഹതയുണ്ട്.
പ്രോസിക്യൂട്ടര്‍ക്കെതിരേ നിയമ നടപടികളുമായി മുന്നോട്ട് പോവാനും പാര്‍ട്ടി തയ്യാറാണ്. കേസ് അന്വേഷണം നടത്തുന്ന പ്രത്യേകസംഘത്തെ പാര്‍ട്ടിക്ക് വിശ്വാസമില്ലാതായെന്നും അന്വേഷണ ചുമതല മറ്റൊരു സംഘത്തെ ഏല്‍പ്പിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
കൊലപാതകത്തിന് നേരിട്ട് പങ്കെടുത്തവര്‍ പോലും കോടതിയില്‍ നിന്ന് നിഷ്പ്രയാസം ഇറങ്ങിയത് അന്വേഷിക്കണം.
ഒരു മൃഗത്തെ കൊന്ന കേസ് പോലും മനുഷ്യ ജീവന്‍ കൊലപ്പെടുത്തിയതിന് ഇല്ലാതായ അവസ്ഥയാണ്.
പ്രതികള്‍ക്ക് ജാമ്യം ലഭിക്കാനിടയാക്കിയ സഹചര്യം അന്വേഷണ വിധേയമാക്കണം. തുടക്കത്തില്‍ മിക്ക രാഷ്ട്രീയ പാര്‍ട്ടിക്കാരും സംഭവത്തില്‍ അനുകൂമലമായിരുന്നു. എന്നാല്‍ ഇപ്പോള്‍ പലരും മൗനത്തിലാണ്. ഇതും പലവിധ സംശയങ്ങളെയാണ് സൂചന നല്‍കുന്നത്.
സമാനമായ അട്ടപ്പാടിയിലെ മധുവിന്റെ ആള്‍ക്കൂട്ട കൊലപാതക കേസില്‍ ഇതുവരെ ഒരു പ്രതിക്കും ജാമ്യം ലഭിച്ചിട്ടില്ല എന്ന കാര്യവും നേതാക്കള്‍ സൂചിപ്പിച്ചു.
മണ്ണാര്‍ക്കാട് വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ മുസ്‌ലിംലീഗ് ജില്ലാ ട്രഷറര്‍ പി.എ തങ്ങള്‍, വൈസ് പ്രസിഡന്റ് എന്‍. ഹംസ, സെക്രട്ടറിമാരായ അഡ്വ. ടി.എ സിദ്ദീഖ്, കല്ലടി അബൂബക്കര്‍, റഷീദ് ആലായന്‍, മുനിസിപ്പല്‍ ജനറല്‍ സെക്രട്ടറി റഫീഖ് കുന്തിപ്പുഴ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."