കറണ്ട് പോയാല്‍ കെ.എസ്.ഇ.ബിയിലേക്കു വിളിച്ചാല്‍ ഫോണ്‍ എടുക്കില്ല; എടുക്കാതിരിക്കുന്നതല്ലെന്നും സംഭവിക്കുന്നത് മറ്റൊന്നാണെന്നും കെ.എസ്.ഇ.ബി
തിരുവനന്തപുരം: കറണ്ട് പോയാല്‍ കെഎസ്ഇബിയിലേക്ക് കറണ്ട് ഇല്ലെന്ന പരാതി പറയാന്‍ എത്ര വിളിച്ചാലും ഫോണ്‍ എടുക്കാറില്ല എന്നത് പലപ്പോഴായി നമ്മള്‍ കേള്‍ക്കുന്നതാണ്. ഫോണ്‍ റിസീവര്‍ മാറ്റിവയ്ക്കുകയാണ് എന്ന സംശയവും പലരും ഉന്നയിക്കാറുണ്ട്. എന്നാല്‍, പരാതി പറയാന്‍ തങ്ങളെ വിളിക്കുമ്പോള്‍ സംഭവിക്കുന്നതെന്താണെന്ന് വിശദീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് വൈത്യുതി ബോര്‍ഡ്. ഒരു ഓഫിസിലും ഫോണ്‍ എടുക്കാതിരിക്കുന്ന പ്രവണതയില്ലെന്നും സംഭവിക്കുന്നത് മറ്റൊന്നുമാണെന്നാണ് കെഎസ്ഇബി പറയുന്നത്. പരാതി അറിയിക്കാന്‍ പകരം സംവിധാനവും അവര്‍ നിര്‍ദേശിക്കുന്നുണ്ട്. സംസ്ഥാനത്ത് അന്തരീക്ഷ താപനില ഉയര്‍ന്നുതന്നെ തുടരുകയാണ്. വൈദ്യുതി ഉപയോഗവും കൂടിവരികയാണ്. തടസ്സരഹിതമായി വൈദ്യുതി ലഭ്യമാക്കാനുള്ള കഠിനപ്രയത്‌നത്തിലാണ് കെഎസ്ഇബി. ഞായറാഴ്ച മാക്‌സിമം ഡിമാന്‍ഡ് 5419 മെഗാവാട്ടായി വര്‍ധിച്ചു. രാത്രി 10:47 നാണ് വൈദ്യുതി ആവശ്യകത വീണ്ടും റെക്കോര്‍ഡ് തലത്തിലേക്ക് ഉയര്‍ന്നത്.
വിതരണ ലൈനിലെ ലോഡ് ക്രമാതീതമായി കൂടുമ്പോഴാണ് ഫ്യൂസ് ഉരുകി വൈദ്യുതപ്രവാഹം നിലയ്ക്കുന്നത്. പരാതി അറിയിക്കാന്‍ കെഎസ്ഇബി സെക്ഷന്‍ ഓഫിസിലേക്കുള്ള ഫോണ്‍ വിളികളുടെ എണ്ണവും ഇതിനോടൊപ്പം കൂടിവരുന്നുണ്ട്. ഫോണ്‍ റിസീവര്‍ മാറ്റി വയ്ക്കുന്നു എന്ന ആരോപണം വാസ്തവമല്ലെന്ന് കെഎസ്ഇബി പറയുന്നു. ബോധപൂര്‍വം ഒരു ഓഫിസിലും ഫോണ്‍ എടുക്കാതിരിക്കുന്ന പ്രവണത ഇല്ല. കൊവിഡ്, പ്രളയകാലങ്ങളില്‍ ഏറ്റവും മെച്ചപ്പെട്ട സേവനം കാഴ്ചവച്ചതിലൂടെ ജനങ്ങളുടെയാകെ പ്രശംസനേടിയ കെഎസ്ഇബി കഠിനമായ വേനലിലും പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുകയാണ്. ഒരു ലാന്‍ഡ് ഫോണ്‍ മാത്രമാണ് സെക്ഷന്‍ ഓഫിസുകളില്‍ നിലവിലുള്ളത്.
ഒരു സെക്ഷന്റെ കീഴില്‍ 15,000 മുതല്‍ 25,000 വരെ ഉപഭോക്താക്കള്‍ ഉണ്ടായിരിക്കും. ഉയര്‍ന്ന ലോഡ് കാരണം ഒരു 11 കെവി ഫീഡര്‍ തകരാറിലായാല്‍ത്തന്നെ ആയിരത്തിലേറെ പേര്‍ക്ക് വൈദ്യുതി മുടങ്ങുന്ന സാഹചര്യമുണ്ടാകും. ഇതില്‍ ചെറിയൊരു ശതമാനം പേര്‍ സെക്ഷന്‍ ഓഫിസിലെ നമ്പരില്‍ വിളിച്ചാല്‍പ്പോലും ഒരാള്‍ക്കു മാത്രമാണ് സംസാരിക്കാന്‍ കഴിയുക. മറ്റുള്ളളവര്‍ക്ക് ഫോണ്‍ ബെല്ലടിക്കുന്നതായോ എന്‍ഗേജ്ഡായോ ആയിരിക്കും മനസ്സിലാവുക. ഇക്കാരണത്താലാണ് തെറ്റിദ്ധാരണ ഉണ്ടാവുന്നത്. നിരവധി പേര്‍ ഒരേ നമ്പരിലേക്ക് വിളിക്കുമ്പോള്‍ ടെലിഫോണ്‍ NU Tone എന്ന അവസ്ഥയിലേക്കെത്തുന്ന സാഹചര്യമുണ്ട്. വിളിക്കുന്നയാള്‍ക്ക് ഈ അവസ്ഥയില്‍ എന്‍ഗേജ്ഡ് ടോണ്‍ മാത്രമേ കേള്‍ക്കുകയുള്ളു.
9496001912 എന്ന മൊബൈല്‍ നമ്പരിലേക്ക് വിളിച്ചും വാട്‌സാപ് സന്ദേശമയച്ചും പരാതി അറിയിക്കാനുള്ള സംവിധാനം നിലവിലുണ്ട്. ഫോണില്‍ ഈ നമ്പര്‍ സേവ് ചെയ്തുവച്ചാല്‍ തികച്ചും അനായാസമായി വാട്‌സാപ് സന്ദേശമയച്ച് പരാതി രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കും. സെക്ഷന്‍ ഓഫിസില്‍ ഫോണ്‍ വിളിച്ചു കിട്ടാതെ വരുന്ന സാഹചര്യത്തില്‍ 1912 എന്ന നമ്പരില്‍ കെഎസ്ഇബിയുടെ സെന്‍ട്രലൈസ്ഡ് കോള്‍ സെന്ററിലേക്ക് വിളിക്കാവുന്നതാണ്. ഐവിആര്‍എസ് സംവിധാനത്തിലൂടെ അതിവേഗം പരാതി രജിസ്റ്റര്‍ ചെയ്യാന്‍ ഇതിലൂടെ കഴിയും. ആവശ്യമെങ്കില്‍ കസ്റ്റമര്‍കെയര്‍ എക്്സിക്യുട്ടീവിനോട് സംസാരിക്കാനും അവസരമുണ്ടാകും. 1912-ല്‍ വിളിക്കുന്നതിനുമുമ്പ് 13 അക്ക കണ്‍സ്യൂമര്‍ നമ്പര്‍ കൂടി കയ്യില്‍ കരുതുന്നത് പരാതി രേഖപ്പെടുത്തല്‍ എളുപ്പമാക്കുമെന്നും കെഎസ്ഇബി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."