പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജനം നെഞ്ചേറ്റിയതായി മന്ത്രി വി.എസ് സുനില്‍ കുമാര്‍
നിലമ്പൂര്‍: പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം പൊതുജനം നെഞ്ചേറ്റിയതായി കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍ കുമാര്‍. വല്ലപ്പുഴ ഡിവിഷന്‍ തല വിദ്യാര്‍ഥി സംഗമം കളിക്കൂട്ടം 2018 ഉദ്ഘാടനവും പഠനോപകരണ വിതരണവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മുന്‍ കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി സര്‍ക്കാര്‍ സ്‌കൂളുകളില്‍ അഡ്മിഷന്‍ തേടുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണുള്ളത്.
പാഠ്യവിഷയത്തോടൊപ്പം തന്നെ സമൂഹത്തില്‍ നിന്നു ലഭിക്കുന്ന പൊതു അറിവുകള്‍ കൂടി പാഠ്യേതരവിഷയങ്ങളും പഠനമാക്കുമ്പോഴാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം പൂര്‍ത്തിയാകുന്നതെന്നും അദ്ദേഹം പറഞ്ഞു. എസ്.എസ്.എല്‍.സിയില്‍ മികവ് തെളിയിച്ച വിദ്യാര്‍ഥികളെ ചടങ്ങില്‍ ആദരിച്ചു. നാടക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച നിലമ്പൂര്‍ ആയിശയുടെ സഹോദരന്‍ കൂടിയായ മാനു മുഹമ്മദ്, സിവില്‍ സര്‍വിസ് പരീക്ഷയില്‍ റാങ്ക് നേടിയ ജിതിന്‍ റഹ്മാന്‍, മികച്ച വനിതാ കര്‍ഷക ചന്ദ്രകാന്തി, പച്ചക്കറി കൃഷിയില്‍ മികവ് തെളിയിച്ച രവീന്ദ്രന്‍ തുടങ്ങിയവരെയും ചടങ്ങില്‍ ആദരിച്ചു. കലാകാരിയായ വിനീത വരച്ച ചെഗുവേരയുടെ ഛായാചിത്രം മന്ത്രി ഡിവിഷന്‍ കൗണ്‍സിലര്‍ക്ക് കൈമാറി. ഡിവിഷനിലെ മുഴുവന്‍ കുട്ടികള്‍ക്കും പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.
കൗണ്‍സിലര്‍ പി.എം ബഷീര്‍ അധ്യക്ഷനായി.
നഗരസഭ ചെയര്‍ പേഴ്‌സണ്‍ പത്മിനി ഗോപിനാഥ് മുഖ്യ പ്രഭാഷണം നടത്തി. കൗണ്‍സിലര്‍മാരായ പാലൊളി മെഹബൂബ്, മുസ്തഫ കളത്തുംപടിക്കല്‍, സിപിഐ ജില്ലാ സെക്രട്ടറി പി.പി സുനീര്‍, ആര്‍. പാര്‍ഥസാരഥി, കെ.വി വിശ്വനാഥന്‍, റാഷിയ ബിനു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."