ഗുണനിലവാരമുള്ള വിദ്യാഭ്യാസം സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി കടന്നപ്പള്ളി
കല്‍പ്പറ്റ: എല്ലാവര്ക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കല്‍പ്പറ്റ എസ്.കെ.എം.ജെ സ്കൂള്‍ ഗ്രൗണ്ടില്‍ ആരംഭിച്ച മെഗാ പ്രദര്‍ശന-വിപണന മേള 'പൊലിക-2018' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതുവിദ്യാഭ്യാസ ശാക്തീകരണത്തിന്റെ ഭാഗമായി വിവിധ കര്‍മ പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്കരിച്ചിരിക്കുന്നത്.
ആയിരം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇതിനകം അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തിയിട്ടുണ്ട്. സംസ്ഥാനത്ത് വിദ്യാഭ്യാസ മേഖലയിലെ ഫലപ്രദമായ മാറ്റങ്ങള്‍ പഠിക്കുന്നതിനും വിലയിരുത്തുന്നതിനുമായി ഇതര സംസ്ഥാനങ്ങളില്‍ നിന്നുപോലും ഉദ്യോഗസ്ഥര്‍ എത്തുന്ന തരത്തിലേക്ക് കാര്യങ്ങള്‍ മാറിയെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ സി.കെ ശശീന്ദ്രന് എം.എല്‍.എ അധ്യക്ഷനായി.
ഒ.ആര് കേളു എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി, ജില്ലാ കലക്ടര്‍ എസ്. സുഹാസ്, കല്‍പ്പറ്റ നഗരസഭാ ചെയര്‍പേഴ്സണ്‍ സനിത ജഗദീഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്മാരായ ടി.എസ് ദിലീപ് കുമാര്‍, ശകുന്തള ഷണ്മുഖന്, പി.എം നാസര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കെ.പി അബ്ദുല്‍ ഖാദര്‍, പി. ഗഗാറിന് സംസാരിച്ചു.
മേളയില്‍ ഇന്ന്
കല്‍പ്പറ്റ: പ്രദര്‍ശന മേളയില്‍ ഇന്നു രാവിലെ 10ന് വയനാടും ഗോത്രജനതയും എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. പട്ടികവര്‍ഗ വികസന ഓഫിസര്‍ സി. ഇസ്മായില്‍ വിഷയം അവതരിപ്പിക്കും. ജില്ലാ മണ്ണ് സംരക്ഷണ ഓഫിസര്‍ പി.യു ദാസ് മോഡറേറ്ററാവും. വൈകീട്ട് ആറിന് മേളയിലൊരുക്കിയ പ്രത്യേക വേദിയില്‍ വയനാട് തുടിത്താളം ഗോത്രകലാസംഘം നാടന്‍പാട്ട് അവതരിപ്പിക്കും.
മേളയില്‍ ലഭിക്കുന്ന
സേവനങ്ങള്‍
കല്‍പ്പറ്റ: മെഗാ പ്രദര്‍ശന മേളയില്‍ വൈവിധ്യമാര്‍ന്ന സേവനങ്ങളുമായി സര്‍ക്കാര്‍ വകുപ്പുകളുടെ സ്റ്റാളുകളും സജ്ജീകരിച്ചിട്ടുണ്ട്. ഐടി വകുപ്പിന്റെ നേതൃത്വത്തില്‍ ആധാര്‍ എന്റോള്‍മെന്റ്, തെറ്റുതിരുത്തല്‍, വിവിധ ഓണ്‍ലൈന്‍ സേവനങ്ങള്‍, വിവിധ നെറ്റ്വര്‍ക്ക് പ്രൊവൈഡര്‍മാരുടെ മൊബൈല്‍-ആധാര്‍ ലിങ്കിങ് സേവനങ്ങള്‍ ലഭിക്കും. സാമ്പത്തിക സാക്ഷരതാ പ്രവര്‍ത്തനങ്ങളും ഐടി വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്നു. അക്ഷയ സെന്റര്‍ വഴി ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കാനും പുതിയ കാര്‍ഡുകള്‍ നല്‍കാനുമുള്ള സംവിധാനങ്ങളുണ്ട്. ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് സൗജന്യ ഇന്‍ഷുറന്‍സ് സൗകര്യം നല്‍കാനുള്ള പ്രവര്‍ത്തനങ്ങളുമായി തൊഴില്‍വകുപ്പും സജീവമാണ്. ആവശ്യമായ രേഖകള്‍ സഹിതം ഹാജരായാല്‍ ആവാസ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാര്‍ഡ് വിതരണം ചെയ്യും. നിലവിലെ കാര്‍ഡ് പുതുക്കി നല്‍കും. ആധാര്‍കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുമായി ഹാജരാവണം. രോഗീപരിചരണത്തിന് ഹോമിയോപ്പതി വകുപ്പ് സ്റ്റാള്‍ സജ്ജമാക്കിയിട്ടുണ്ട്. 13 വരെ ദിവസവും ഡോക്ടറുടെ സേവനവും സൗജന്യ മരുന്നുവിതരണവും ഉണ്ടാവും. രാവിലെ എട്ടുമുതല്‍ 10 വരെ സൗജന്യ യോഗ പരിശീലനം നടക്കും. മേളയിലെ വോട്ടര്‍ സഹായ വിജ്ഞാനകേന്ദ്രം വഴി 18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് വോട്ടേഴ്സ് ലിസ്റ്റില്‍ പേര് ചേര്‍ക്കാന്‍ അവസരമുണ്ട്. തിരിച്ചറിയല്‍ കാര്‍ഡിലെ തെറ്റുതിരുത്തല്‍ സേവനം, വിലാസം മാറ്റല്‍, പ്രവാസികളുടെ വോട്ടവകാശം ഉറപ്പുവരുത്തല്‍ തുടങ്ങിയ സേവനങ്ങളും ഇവിടെ ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."