യൂറോപ്യന്‍ രാജ്യങ്ങള്‍ അമേരിക്കയുടെ അടിമകളല്ല'
പാരിസ്: ഇറാന്‍ ആണവ കരാര്‍ വിഷയത്തില്‍ അമേരിക്കക്കെതിരേ കടന്നാക്രമിച്ച് സഖ്യകക്ഷികള്‍ അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍. ഇറാനുമായുള്ള കരാറുമായി മുന്നോട്ടുപോകാന്‍ തന്നെയാണു തീരുമാനമെന്നും വിവിധ രാജ്യങ്ങള്‍ അറിയിച്ചു. യൂറോപ്യന്‍ രാജ്യങ്ങള്‍ അമേരിക്ക പറയുന്നതു മാത്രം ചെയ്യാന്‍ അവരുടെ അടിമകളല്ലെന്നും ഇറാനുമായി വ്യാപാരബന്ധം തുടരുമെന്നും ഫ്രഞ്ച് ധനകാര്യ മന്ത്രി ബ്രൂണോ ലെ മെയര്‍ വ്യക്തമാക്കി.
കരാറില്‍നിന്നു പിന്മാറിയതിനോടൊപ്പം ഇറാനെതിരേയും അവരെ സഹായിക്കുന്ന മറ്റു രാജ്യങ്ങള്‍ക്കെതിരേയും ഉപരോധം ഏര്‍പ്പെടുത്തുമെന്നും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. ഇതിനോടുള്ള പ്രതികരണമായാണ് യൂറോപ്യന്‍ രാജ്യങ്ങള്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.
ഇറാനുമായി ജര്‍മനിക്കും ഫ്രാന്‍സിനും മികച്ച വ്യാപാരബന്ധമുണ്ട്. ബ്രിട്ടന്റെ കൂടെ കരാറുമായി മുന്നോട്ടുപോകുന്നതിനൊപ്പം വ്യാപാരബന്ധവും തുടരാനാണു ഇരുരാജ്യങ്ങളുടെയും തീരുമാനം. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി ചൊവ്വാഴ്ച മൂന്നു രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാര്‍ യോഗം ചേരുന്നുണ്ട്.
അമേരിക്കയെ കൂടാതെ കരാറുമായി മുന്നോട്ടുപോകുന്നതിന്റെ സാധ്യതകള്‍ ഇറാനുമായി ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്നാണ് ജര്‍മന്‍ ചാന്‍സലര്‍ ആംഗെലാ മെര്‍ക്കല്‍ അറിയിച്ചത്. എന്നാല്‍, ഉപരോധം റദ്ദാക്കാനുള്ള നടപടികളെ കുറിച്ചുള്ള നിര്‍ദേശങ്ങള്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ഇ.യു കമ്മിഷനു മുന്‍പാകെ വയ്ക്കുമെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി ബ്രൂണോ ലെ മെയര്‍ അറിയിച്ചു. അമേരിക്കന്‍ തീരുമാനങ്ങള്‍ക്കു കീഴ്‌പെട്ടു ജീവിക്കുന്ന നിലവിലെ സ്ഥിതിയില്‍ മുന്നോട്ടുപോകാനാകില്ലെന്ന തിരിച്ചറിവ് എല്ലാ യൂറോപ്യന്‍ രാജ്യങ്ങള്‍ക്കുമുണ്ടെന്ന് ലെ മെയര്‍ പാരിസില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഇറാനുമായുള്ള ബന്ധത്തിന്റെ പേരില്‍ നഷ്ടങ്ങള്‍ സംഭവിച്ച സ്ഥാപനങ്ങള്‍ക്ക് നിയമോപദേശം അടക്കമുള്ള എല്ലാ സഹായങ്ങളും നല്‍കുമെന്ന് ജര്‍മന്‍ ധനമന്ത്രി പീറ്റര്‍ ആള്‍ട്ട്‌മൈര്‍ അറിയിച്ചു. കമ്പനികള്‍ക്ക് ഇറാനുമായി തുടര്‍ന്നും ഇടപാട് തുടരാന്‍ വേണ്ട സൗകര്യമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയുടെ നിലപാടുമാറ്റം കാരണം അറ്റ്‌ലാന്റിക് സമുദ്രത്തിനപ്പുറവുമായുള്ള ബന്ധം ക്രമേണ തകര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് ജര്‍മന്‍ വിദേശകാര്യ മന്ത്രി ഹെയ്‌കോ മാസ് പറഞ്ഞു.
''പരസ്പരം ചര്‍ച്ച ചെയ്തു പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഞങ്ങള്‍ തയാറാണ്. എന്നാല്‍, ആവശ്യമായിടത്ത് സ്വന്തം നിലപാടുകള്‍ക്കു വേണ്ടി പോരാടുകയും ചെയ്യും.''-മാസ് വ്യക്തമാക്കി. ആണവ കരാര്‍ ഉപേക്ഷിക്കുന്നത് പശ്ചിമേഷ്യയില്‍ കൂടുതല്‍ സംഘര്‍ഷത്തിനിടയാക്കുമെന്നാണ് യൂറോപ്യന്‍ രാജ്യങ്ങളുടെ നിലപാട്.
കഴിഞ്ഞ ചൊവ്വാഴ്ചയാണു നിര്‍ണായകമായ തീരുമാനം ട്രംപ് പ്രഖ്യാപിച്ചത്. ഇറാന്‍ തങ്ങളെ കബളിപ്പിക്കുകയായിരുന്നെന്നും അവര്‍ ആണവായുധങ്ങള്‍ നിര്‍മിക്കുന്നത് തുടരുന്നുണ്ടെന്നും ആരോപിച്ച ട്രംപ് കരാറുമായി ഒരുനിലക്കും മുന്നോട്ടുപോകാനാകില്ലെന്നും വ്യക്തമാക്കി.
2015ല്‍ ബരാക് ഒബാമയുടെ നേതൃത്വത്തിലാണ് ജോയിന്റ് കോംപ്രഹന്‍സിവ് പ്ലാന്‍ ഓഫ് ആക്ഷന്‍(ജെ.സി.പി.ഒ.എ) എന്ന പേരില്‍ ഇറാന്‍ ആണവ കരാര്‍ രൂപീകരിച്ചത്. അമേരിക്കയ്ക്കും ഇറാനും പുറമെ ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി, ചൈന, റഷ്യ എന്നീ രാജ്യങ്ങളും കരാറില്‍ ഒപ്പുവച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."