കൊല്ലം തുറമുഖത്തിന്റെ വികസനം ത്വരിതപ്പെടുത്തും: മന്ത്രി കടന്നപ്പള്ളി
കൊല്ലം: കൊല്ലം തുറമുഖത്തിന്റെ വികസനം ത്വരിതപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമെന്ന് തുറമുഖ മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി പറഞ്ഞു.
തുറമുഖത്ത് സന്ദര്‍ശനം നടത്തിയശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. വിദേശ രാജ്യങ്ങളില്‍നിന്ന് കശുവണ്ടിയുമായി കപ്പലുകള്‍ എത്തുന്നതിനും മിനിക്കോയി ദ്വീപുമായി ബന്ധപ്പെട്ട യാത്രാ സംവിധാനങ്ങള്‍ക്ക് ഉപകരിക്കത്തക്ക വിധത്തിലുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കും. കൊല്ലത്തിന്റെ പ്രകൃതിദത്തമായ സൗകര്യങ്ങളും വാണിജ്യ വ്യാവസായിക സാഹചര്യങ്ങളും ഇതിനായി പ്രയോജനപ്പെടുത്തും. മേഖലയിലെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും അഭിപ്രായം ആരാഞ്ഞശേഷമായിരിക്കും തുടര്‍ നടപടികള്‍ സ്വീകരിക്കുകയെന്നും മന്ത്രി വ്യക്തമാക്കി.
തുറമുഖത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഉദ്യോഗസ്ഥരോട് വിശദമായി ചോദിച്ചറിഞ്ഞ മന്ത്രി അവിടെ നങ്കൂരമിട്ടിരിക്കുന്ന ഇന്ദിരാ പോയിന്റ് എന്ന സര്‍വേ കപ്പലും സന്ദര്‍ശിച്ചു. എന്‍.കെ പ്രേമചന്ദ്രന് എം.പി, എം.എല്‍.എ മാരായ എം. മുകേഷ്, എം. നൗഷാദ്, തുറമുഖ വകുപ്പ് ഡയറക്ടര്‍ ഷേഖ് പരീത്, ജില്ലാ കളക്ടര്‍ എ ഷൈനാമോള്‍, കൊല്ലം പോര്‍ട്ട് ഓഫിസര്‍ ക്യാപ്റ്റന്‍ ഏബ്രഹാം വി. കുര്യാക്കോസ്, പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ ആര്. സുനില്‍ തുടങ്ങിയവര്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."