പി.സി തോമസിന്റെ വാദം തെറ്റെന്ന് എം.എല്‍.എ
കല്‍പ്പറ്റ: നീതി ആയോഗ് പദ്ധതി സംബന്ധിച്ച് പി.സി തോമസ് ഉയര്‍ത്തിയ ആരോപണം പൂര്‍ണമായും തെറ്റാണെന്ന് സി.കെ ശശീന്ദ്രന്‍ എം.എല്‍.എ വാര്‍ത്താസമ്മേളനത്തില്‍ അവകാശപ്പെട്ടു.
അവാസ്ഥവമായ കാര്യങ്ങള്‍ പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും അതിലൂടെ മറ്റ് താല്‍പ്പര്യങ്ങള്‍ നേടാനുമാണ് അദ്ദേഹത്തിന്റെ ശ്രമം. കേന്ദ്ര പദ്ധതി വയനാട്ടില്‍ നടപ്പാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ എതിരാണെന്ന വാദം പൂര്‍ണമായും തെറ്റാണ്. കാലാകാലങ്ങളില്‍ കേന്ദ്ര പദ്ധതി പ്രകാരം ജില്ലകളെ തെരഞ്ഞെടുക്കുമ്പോള്‍ അതത് സംസ്ഥാനങ്ങളുടെ അഭിപ്രായം പരിഗണിച്ചാണ് തീരുമാനമെടുക്കുക. രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനം ഊട്ടിയുറപ്പിക്കുന്നതിനാണ് ഇത്തരമൊരു നീക്കം. പദ്ധതികള്‍ മാത്രമല്ല പ്രധാന പുരസ്‌കാരങ്ങള്‍ നല്‍കുമ്പോഴടക്കം ഇത്തരം അഭിപ്രായം സംസ്ഥാനത്തോട് തേടുകയും അതുപ്രകാരം തീരുമാനമെടുക്കുകയുമാണ് ചെയ്യാറ്. എന്നാല്‍ ഇവിടെ അത് പാലിച്ചിട്ടില്ല. ഈ പിഴവ് സംസ്ഥാന ചീഫ് സെക്രട്ടറി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സംസ്ഥാനത്തോട് അഭിപ്രായം തേടാതെ ഏകപക്ഷീയമായി ഒരു ജില്ലയെ തെരഞ്ഞെടുത്തത് ശരിയായ കീഴ്‌വഴക്കമല്ലെന്ന് പറയേണ്ടത് കേരളത്തിന്റെ കടമയാണ്. അത് അറിയിക്കുക മാത്രമാണ് ചെയ്ത്. അല്ലാതെ പദ്ധതിയെ വേണ്ടെന്ന് വക്കുകയല്ല ചെയ്തത്. കേരളം മാത്രമല്ല മറ്റ് മൂന്ന് സംസ്ഥാനങ്ങളും ഇത്തരമൊരു അതൃപ്തി അറിയിച്ചിട്ടുണ്ട്. എന്നാല്‍ കേരളത്തിന്റെ കത്തിന് ഒരു മറുപടി തരാന്‍ പോലും കേന്ദ്രംതയാറായിട്ടില്ലെന്നും എം.എല്‍.എ പറഞ്ഞു. കേന്ദ്ര പദ്ധതികളെ ഒരിക്കലും കേരള സര്‍ക്കാര്‍ അവഗണിച്ചിട്ടില്ല. പദ്ധതി നടപ്പില്‍ ഒരു രാഷ്ട്രീയ താല്‍പ്പര്യവും നോക്കാറുമില്ല. നീതി ആയോഗ് പദ്ധതിയില്‍ മേല്‍ പറഞ്ഞ പ്രതിഷേധം നിലനില്‍ക്കെ തന്നെ പദ്ധതിയുടെ നടത്തിപ്പിനായി എല്ലാവിധ പിന്തുണയും സംസ്ഥാന സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതിനായി വയനാടിനെ കുറിച്ച് അറിയുന്നവരും മുന്‍ കലക്ടറുമായ ഷര്‍മിള മേരി ജോസഫ് ഐ.എ.എസിനെയാണ് നോഡല്‍ ഓഫിസറായി നല്‍കിയിട്ടുള്ളത്. നീതി ആയോഗ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ അമിതാഭ്കാന്തിനെ അറിയിക്കുകയും ചെയ്തതാണ്. ഇതിന്റെ തുടര്‍ നടപടികള്‍ നടന്നുവരുന്നു. വയനാട് കലക്ടറേറ്റിലും ഇതുസംബന്ധിച്ച് നടപടികള്‍ ഉണ്ടായിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാര്‍ വയനാടിനെ
അവഗണിക്കുന്നു: പി.സി തോമസ്
കോഴിക്കോട്: കേന്ദ്രസര്‍ക്കാരിന്റെ റാപ്പിഡ് ട്രാന്‍സ്‌ഫോര്‍മേഷന്‍ ഒഫ് ആസ്പിറേഷനല്‍ ഡിസ്ട്രിക്റ്റ് പദ്ധതിയിലേക്ക് വയനാട് ജില്ലയെ തെരഞ്ഞെടുത്തെങ്കിലും സംസ്ഥാന സര്‍ക്കാര്‍ താല്‍പര്യം കാണിക്കാത്തതിനാല്‍ പദ്ധതി ജില്ലയ്ക്ക് നഷ്ടപ്പെടുമെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.സി തോമസ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
ഈ നടപടിക്കെതിരേ ഇന്ന് രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെ കല്‍പ്പറ്റ ടൗണില്‍ ഉപവാസമിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിന് മുഴുവന്‍ നേട്ടമുണ്ടാകുന്ന തരത്തില്‍ നിരവധി പദ്ധതികള്‍ വയനാട്ടില്‍ നടപ്പാക്കാനാകുമായിരുന്നു. ഇതെല്ലാം സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് കാരണം നഷ്ടപ്പെട്ടിരിക്കുകയാണ്. മറ്റ് സംസ്ഥാനങ്ങള്‍ പദ്ധതി സ്വീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ച് പ്ലാന്‍ തയാറാക്കിയിട്ടും കേരളം ഇതുവരെയും ഒന്നും ചെയ്തിട്ടില്ല.
സുരേഷ് ഗോപി എം.പി ഉപവാസം ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ കമ്മിറ്റി അംഗം സണ്ണിപൊന്നാമറ്റം പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."