ജസ്റ്റിസ് ചെലമേശ്വര്‍ പതിവു തെറ്റിക്കില്ല; ചീഫ് ജസ്റ്റിസിന്റെ ബെഞ്ചില്‍ വെള്ളിയാഴ്ച ഒന്നിച്ചിരിക്കും
ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് കഴിഞ്ഞാല്‍ സുപ്രിംകോടതിയിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജിയായ ജസ്റ്റിസ് ചെലമേശ്വറിന്റെ അവസാനപ്രവര്‍ത്തി ദിനം വെള്ളിയാഴ്ച. ജഡ്ജിമാരുടെ അവസാന പ്രവര്‍ത്തിദിനത്തില്‍ ചീഫ് ജസ്റ്റിസിന്റെ ബെഞ്ചില്‍ ഇരിക്കുന്ന കീഴ്‌വഴക്കത്തില്‍ നിന്ന് ചെലമേശ്വര്‍ ഒഴിഞ്ഞുമാറിയെന്നു റിപ്പോര്‍ട്ട് ഉണ്ടെങ്കിലും വെള്ളിയാഴ്ച കേസുകള്‍ ലിസ്റ്റ്‌ചെയ്ത കൂട്ടത്തില്‍ ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട മൂന്നംഗ ബെഞ്ചില്‍ ചെലമേശ്വറിന്റെ പേരും ഉണ്ട്.
ചീഫ്ജസ്റ്റിസിന്റെ ഓന്നാം നമ്പര്‍ കോടതിയില്‍ ചെലമേശ്വറിനൊപ്പം ഡി.വൈ ചന്ദ്രചൂഡുമാണ് മൂന്നഗബെഞ്ചിലുണ്ടാവുക. രണ്ടാം നമ്പര്‍ കോടതിയില്‍ ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗളിനൊപ്പമാണ് സാധാരണ ചെലമേശ്വര്‍ ഇരിക്കാറുള്ളത്. വിരമിക്കല്‍ ദിവസത്തിലോ അല്ലെങ്കില്‍ അവസാന പ്രവര്‍ത്തിദിനത്തിലോ ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിനൊപ്പം അദ്ദേഹത്തിന്റെ ബെഞ്ചിലിരിക്കുന്ന പതിവ് സുപ്രിംകോടതിയിലുണ്ട്. എന്നാല്‍, ചീഫ്ജസ്റ്റിസുമായി ഉടക്കിലുള്ള, സീനിയോരിറ്റിയില്‍ അദ്ദേഹത്തിനു തൊട്ടുതാഴെയുള്ള ചെലമേശ്വര്‍ ഈ കീഴ്‌വഴക്കം വേണ്ടെന്നുവച്ചതായി ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട്‌ചെയ്തിരുന്നു.
ചെലമേശ്വറിന്റെ ഔദ്യോഗിക വിരമിക്കല്‍ തിയ്യതി അടുത്തമാസം 22നാണ്. എന്നാല്‍ വേനലവധിയ്ക്ക് സുപ്രിംകോടതി നാളെ മുതല്‍ ജൂലൈ രണ്ടുവരെ അടക്കുകയാണ്. ഈ സാഹചര്യത്തില്‍ വെള്ളിയാഴ്ചയാണ് ചെലമേശ്വറിന്റെ അവസാനപ്രവര്‍ത്തിദിനം. വേനലവധിക്കു സുപ്രിംകോടതിയില്‍ അവധിക്കാലബെഞ്ചുകള്‍ ഉണ്ടാവുമെങ്കിലും മുതിര്‍ന്ന ജഡ്ജിമാര്‍ ഉള്‍പ്പെടാത്ത ബെഞ്ചാണ് സാധാരണയായി വേനലവധിക്കു ഇരിക്കാറുള്ളത്. വിരമിക്കുന്ന ജഡ്ജിമാര്‍ക്ക് സുപ്രിംകോടതി ബാര്‍ അസോസിയേഷന്‍ നല്‍കുന്ന യാത്രയയപ്പും നേരത്തെ ചെലമേശ്വര്‍ വേണ്ടെന്നുവച്ചിരുന്നു. ബാര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ പലതവണ ക്ഷണിച്ചെങ്കിലും അദ്ദേഹം ക്ഷണം നിരസിക്കുകയായിരുന്നു. വിരമിക്കല്‍ തന്റെ സ്വകാര്യവിഷയമാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ചടങ്ങ് നിരസിച്ചത്.
സീനിരോയിറ്റിയില്‍ സമന്‍മാരായ ദീപക് മിശ്രയും ചെലമേശ്വറും 2011 സപ്തംബര്‍ പത്തിനാണ് സുപ്രിംകോടതിയില്‍ ജഡ്ജിമാരായി സത്യപ്രതിജ്ഞചൊല്ലിയത്. എന്നാല്‍ സാങ്കേതികകാരണങ്ങളാല്‍ ദീപക് മിശ്ര സീനിയോരിറ്റിയില്‍ മുന്നിലായി. കൊളീജിയം സംവിധാനത്തോടു തന്നെ വിയോജിപ്പുള്ള ചെലമേശ്വര്‍ കേസ് ബെഞ്ചുകള്‍ക്കു വിഭജിക്കുന്നതിനെച്ചൊല്ലിയാണ് ദീപക് മിശ്രയോടുള്ള അതൃപ്തി പരസ്യമാക്കിയത്. ജനുവരിയില്‍ ഈ വിഷയത്തില്‍ വാര്‍ത്താസമ്മേളനം നടത്തിയ നാലുമുതിര്‍ന്ന ജഡ്ജിമാരില്‍ ചെലമേശ്വറും ഉണ്ടായിരുന്നു. സുപ്രിംകോടതിയുടെ ചരിത്രത്തിലാദ്യമായി ചീഫ്ജസ്റ്റിസിനെതിരേ വാര്‍ത്താസമ്മേളനം വിളിച്ച് അസാധാരണനടപടികള്‍ക്കു തുടക്കമിട്ട ജഡ്ജിമാരിലൊരാള്‍ എന്ന നിലയ്ക്കാവും ചെലമേശ്വര്‍ അറിയപ്പെടുക.
ആന്ധ്രപ്രദേശിലെ കൃഷ്ണ ജില്ലയില്‍ ജനിച്ച ചെലമേശ്വര്‍ നേരത്തെ കേരളാ ഹൈക്കോടതി ചീഫ്ജസ്റ്റിസായും നിയമിതനായിട്ടുണ്ട്. കേരളത്തില്‍ നിന്നാണ് ചെലമേശ്വര്‍ക്ക് സുപ്രിംകോടതിയിലേക്കു സ്ഥാനക്കയറ്റം ലഭിച്ചത്. ചെലമേശ്വറിന്റെ ഒഴിവില്‍ അഞ്ചംഗകൊളീജിയത്തില്‍ സീനിയോരിറ്റിയില്‍ ആറാംസ്ഥാനത്തുള്ള ജസ്റ്റിസ് എ.കെ സിക്രിയാവും എത്തുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."