പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവം: പാറശാലയില്‍ ഹര്‍ത്താല്‍ ആചരിച്ചു
പാറശാല: പാറശാല താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രിയില്‍ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിക്കാനിടയായ സംഭവവുമായി ബന്ധപ്പെട്ട് ഡോക്ടറെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് കാമരാജ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാറശാലയില്‍ ഇന്നലെ ഹര്‍ത്താല്‍ ആചരിച്ചു. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയായിരുന്നു ഹര്‍ത്താല്‍. കടകള്‍ പൂര്‍ണമായും അടഞ്ഞുകിടന്നു. പെട്രോള്‍ പമ്പുകള്‍ പ്രവര്‍ത്തിച്ചില്ല. അതോടൊപ്പം വൈകിട്ട് പാറശാലയില്‍ പൊതുജന മാര്‍ച്ചും സംഘടിപ്പിച്ചു. ഹര്‍ത്താലിനോടനുബന്ധിച്ച് കാമരാജ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വൈകിട്ട് ഏറെ നേരം ദേശീയപാത ഉപരോധവും നടന്നു.
വാഹനങ്ങള്‍ വഴിതിരിച്ചു വിടുകയായിരുന്നു. റോഡ് ഉപരോധിച്ചവരെ നീക്കം ചെയ്യാന്‍ പൊലിസ് നടത്തിയ ശ്രമം ചെറിയ തോതില്‍ സംഘര്‍ഷത്തിനിടയാക്കി. റോഡ് ഉപരോധിച്ചവരെ പൊലിസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ പൊലിസ് സ്റ്റേഷനും ഉപരോധിച്ചു. ഇനിയും ഡോക്ടറെ അറസ്റ്റ് ചെയ്യാന്‍ പൊലിസ് തയാറായില്ലെങ്കില്‍ നെയ്യാറ്റിന്‍കര താലൂക്കിന്റെ വിവിധ ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് സമരം സംഘടിപ്പിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."