മദ്യ ലഹരിയില്‍ യുവാക്കള്‍ എസ്.ഐക്ക് നേരെ കത്തിവീശി
ചെറുതുരുത്തി: കേരളകലാമണ്ഡലത്തിന് പുറകില്‍ മദ്യലഹരിയില്‍ യുവാക്കളുടെ ഭീകരതാണ്ഡവം. അച്ഛനും, മകനും മര്‍ദ്ദനമേറ്റു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ എസ്. ഐ യേയും, പൊലിസ് ഓഫീസര്‍മാരേയും കത്തി ചൂണ്ടി ഭീക്ഷണിപ്പെടുത്തുകയും, കുത്താന്‍ ശ്രമിയ്ക്കുകയും ചെയ്തു. സംഭവത്തില്‍ രണ്ട് യുവാക്കളെ പൊലിസ് അറസ്റ്റ് ചെയ്തു.
ഇന്നലെ രാത്രി ഒന്‍പത് മണിയോടെയാണ് സംഭവം. കലാമണ്ഡലത്തിന് പുറകില്‍ ലൈറ്റ് ആന്റ് സൗണ്ട് പ്രവര്‍ത്തനങ്ങള്‍ക്കെത്തിയ ചെറുതുരുത്തി സ്വദേശികളായ സിദ്ധിഖ് (50) , മകന്‍ ഹക്കീം (25) എന്നിവരെ മദ്യലഹരിയിലായിരുന്ന റജീബ്(25) , റഷീദ് (24), സിബിന്‍ ( 25) എന്നിവര്‍ ചേര്‍ന്ന് മൃഗീയമായി മര്‍ദ്ധിയ്ക്കുകയായിരുന്നു.
പിന്തിരിപ്പിയ്ക്കാന്‍ ശ്രമിച്ച നാട്ടുകാരെ യുവാക്കള്‍ ഭീക്ഷണിപ്പെടുത്തി ഓടിച്ചു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ എസ്.ഐ ഷെയ്ക്ക് ഹമീദ് , സിവില്‍ പൊലിസ് ഓഫീസര്‍മാരായ രഘു, സതീശന്‍, സജിത്ത് എന്നിവരെ കണ്ട് ഓടി മറഞ്ഞ യുവാക്കളില്‍ റജീബ് കുറച്ച് നേരത്തിന് ശേഷം രണ്ട് കയ്യിലും കത്തിയുമായെത്തി പൊലിസിനെ ആക്രമിയ്ക്കുകയായിരുന്നു.
ഭാഗ്യം കൊണ്ട് മാത്രമാണ് എസ്.ഐ കുത്തേല്‍ക്കാതെ രക്ഷപ്പെട്ടത്. കൂടുതല്‍ പൊലിസെത്തി മേഖലയില്‍ പരിശോധന നടത്തി റഷീദ്, സിബിന്‍ എന്നിവരെ അറസ്റ്റ് ചെയ്തു. റജീബിനെ പിടികൂടാനായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."