മലപ്പുറം ഉപതെരഞ്ഞെടുപ്പ്; സി.പി.എം-ബി.ജെ.പി രഹസ്യ ധാരണയ്ക്ക് നീക്കം: ചെന്നിത്തല
തിരുവനന്തപുരം: മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ ഭൂരിപക്ഷം കുറയ്ക്കാന്‍ ബി.ജെ.പിയുമായി സി.പി.എം രഹസ്യധാരണയ്ക്ക് നീക്കം നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മലപ്പുറത്ത് വിജയിക്കാനാകില്ലെന്ന് ഇരുപാര്‍ട്ടികള്‍ക്കും നന്നായറിയാം. കഴിയുന്നത്ര ഭൂരിപക്ഷം കുറയ്ക്കുകയെന്നതാണ് ഇരുകക്ഷികളുടെയും പൊതുആവശ്യം. ഇതിനായാണ് അണിയറയില്‍ അവര്‍ സഖ്യമുണ്ടാക്കാന്‍ നീക്കം ആരംഭിച്ചിരിക്കുന്നത്. ഇതു മറച്ചുവയ്ക്കാനാണ് വി.എസ് അച്യുതാനന്ദനും കോടിയേരി ബാലകൃഷ്ണനും യു.ഡി.എഫിന് മേല്‍ ബി.ജെ.പി ബന്ധം ആരോപിക്കുന്നതെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
നാലു വോട്ടിനും രണ്ടു സീറ്റിനുമായി ഏതു ജനവിരുദ്ധ പാര്‍ട്ടിയുമായും കൂട്ടുകൂടാന്‍ മടികാണിക്കാത്ത പാര്‍ട്ടി സി.പി.എമ്മാണെന്ന കാര്യം വി.എസ് മറക്കരുത്. കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ഏതു ചെകുത്താനുമായും കൂട്ടുകൂടാന്‍ തയാറാണെന്ന് പ്രഖ്യാപിച്ചത് സി.പി.എം നേതാവായ ഇ.എം.എസ് ആയിരുന്നു. ഇന്ത്യയില്‍ സംഘ്പരിവാര്‍ ശക്തികള്‍ക്ക് രാഷ്ട്രീയ അടിത്തറ ഉണ്ടാക്കിക്കൊടുത്തത് ഇടതു കക്ഷികളാണ്.
ഉത്തര്‍പ്രദേശില്‍ 312 എം.എല്‍.എമാരുണ്ടായിട്ടും അവരില്‍ നിന്ന് ആരെയും മുഖ്യമന്ത്രിയാക്കാതെ തീവ്രഹിന്ദുത്വ നിലപാടുകളിലൂടെ വിവാദ നായകനായ യോഗി ആദിത്യ നാഥിനെ മുഖ്യമന്ത്രിയാക്കിയതിലൂടെ ആര്‍.എസ്.എസിന്റെ വര്‍ഗീയ അജന്‍ഡ മറനീക്കി പുറത്തു വന്നിരിക്കുകയാണ്. വളരെ അപകടകരമായ കാലഘട്ടത്തിലേക്കാണ് രാജ്യം കടക്കുന്നത്. മതേതര വോട്ടുകള്‍ ചിതറിപ്പോയത് കൊണ്ടാണ് യു.പിയില്‍ ബി.ജെ.പിക്ക് സീറ്റുകള്‍ തൂത്തുവാരാനായത്. മതേതര ശക്തികള്‍ ഒന്നിക്കേണ്ടതിന്റെ ആവശ്യകതയാണ് യു.പി തെരഞ്ഞെടുപ്പ് അടിവരയിടുന്നതെന്നും രമേശ് ചെന്നിത്തല വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.
ബി.ഡി.ജെ.എസിന്റെ നിലപാട് വെള്ളാപ്പള്ളി പറയേണ്ടതില്ലെന്ന് ബി.ജെ.പി
മലപ്പുറം: ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരേ ബി.ഡി.ജെ.എസിന്റെ നിലപാട് വെള്ളാപ്പള്ളി നടേശന്‍ പറയേണ്ടതില്ലെന്ന് ബി.ജെ.പി നേതൃത്വം.
വെള്ളാപ്പള്ളിയുടെ പ്രസ്താവന വസ്തുതാ വിരുദ്ധമാണെന്നും ബി.ഡി.ജെ.എസ് നിലപാട് അദ്ദേഹമല്ല തുഷാര്‍ വെള്ളാപ്പള്ളിയാണ് പറയേണ്ടതെന്നും സ്ഥാനാര്‍ഥി എന്‍ ശ്രീപ്രകാശിനൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ബി.ജെ.പി മലപ്പുറം ജില്ലാ പ്രസിഡന്റ് കെ രാമചന്ദ്രന്‍ പറഞ്ഞു.
മലപ്പുറത്ത് ബി.ജെ.പി ഭാരവാഹി ചെയര്‍മാനും ബി.ഡി.ജെ.എസ് ഭാരവാഹി കണ്‍വീനറുമായാണ് എന്‍.ഡി.എ പ്രവര്‍ത്തിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."