ജഡ്ജിക്കെതിരേ ജിഷ്ണുവിന്റെ അമ്മ ചീഫ് ജസ്റ്റിസിന് പരാതി നല്‍കി
നാദാപുരം: ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതിപ്പട്ടികയിലുള്ള നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി.കൃഷ്ണദാസിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച ഹൈക്കോടതി ജഡ്ജി എബ്രഹാം മാത്യുവിനെതിരേ മാതാവ് മഹിജ ചീഫ് ജസ്റ്റിസിന് പരാതി നല്‍കി.
ഇന്നലെ ഉച്ചയോടെയാണ് പരാതി നല്‍കിയത്. ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായ പി. കൃഷ്ണദാസിന് കഴിഞ്ഞമാസം 28ന് ഹൈക്കോടതി മൂന്ന് സി ബെഞ്ച് ജഡ്ജിയായ എബ്രഹാം മാത്യു മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ഇദ്ദേഹത്തിന് നെഹ്‌റു കോളജ് അധികൃതരുമായി അടുത്ത ബന്ധമുള്ളതായി സൂചന നല്‍കുന്ന ചിത്രങ്ങള്‍ നവ മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നുണ്ട്. പാലക്കാട് ലക്കിടി ലോ കോളജ് വിദ്യാര്‍ഥി ഷഹീര്‍ ഷൗക്കത്തലിയെ മര്‍ദിച്ച കേസില്‍ കൃഷ്ണദാസടക്കമുള്ളവരെ അറസ്റ്റ് ചെയ്ത പൊലിസ് നടപടിയെ കഴിഞ്ഞ ദിവസം ഈ കേസ് പരിഗണിക്കവേ ജഡ്ജി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഈ സംഭവത്തോടെയാണ് നവ മാധ്യമങ്ങളില്‍ ഈ ജഡ്ജിയുടെയും ലോ കോളജ് പ്രിന്‍സിപ്പലിന്റെയും നിയമോപദേശക സുമിത്രയുടെയും കോളജ് ചടങ്ങിന്റെ ചിത്രങ്ങള്‍ പ്രചരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."