കണക്കില്‍ കാര്‍ത്തിക് കലക്കും
പയ്യന്നൂര്‍: കണക്ക് ഒരു കീറാമുട്ടിയായി കരുതുന്നവരോട് കാര്‍ത്തിക് പറയും, ഇതൊക്കെ എന്ത്.. എന്ന്. താന്‍ നേടിയെടുത്ത അറിവുകള്‍ മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കാനായി കളിയും ചിരിയും ഗണിത കൗതുകങ്ങളും കോര്‍ത്തിണക്കി അവധിക്കാല ക്യാംപുകളിലും അവധി ദിവസങ്ങളിലും സമയം ചെലവഴിക്കുകയാണ് പയ്യന്നൂര്‍ ബി.ഇ.എം.എല്‍.പി സ്‌കൂളിലെ കാര്‍ത്തിക് എന്ന മൂന്നാം ക്ലാസ് വിദ്യാര്‍ഥി. രണ്ടു വര്‍ഷത്തിനകം കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ നിരവധി വിദ്യാലയങ്ങളിലും ക്ലബുകളിലുമായി നൂറോളം ക്ലാസുകളില്‍ ഗണിത തന്ത്രങ്ങളവതരിപ്പിച്ച് കൈയടി നേടിയിട്ടുണ്ട് ഈ മിടുക്കന്‍.
ഗണിതത്തിലെ അടിസ്ഥാന ക്രിയകള്‍ നന്നായി കൈകാര്യം ചെയ്യാന്‍ സംഖ്യാബോധം ഉറപ്പിക്കുകയാണ് ആദ്യം വേണ്ടത് എന്ന് ഓര്‍മിപ്പിച്ചു കൊണ്ട് മുന്നോട്ടു കൊണ്ടുപോകുന്ന ക്ലാസുകളില്‍ ഒന്നാംതരം മുതല്‍ പന്ത്രണ്ടാംതരം വരെയുള്ള കുട്ടികളും അധ്യാപകരും രക്ഷിതാക്കളും വിദ്യാര്‍ഥികളായി ഇരുന്നിട്ടുണ്ട്.
ഹൈസ്‌കൂള്‍ കുട്ടികള്‍ക്കു പോലും സങ്കലന വ്യവകലന ക്രിയകള്‍ പ്രയാസമാകുമ്പോള്‍ കടലാസും പേനയും ഒഴിവാക്കി മനക്കണക്കിലൂടെ കണ്ടെത്താനുള്ള വഴികള്‍ കാര്‍ത്തിക് പറഞ്ഞുതരും. മറ്റൊരാള്‍ വിചാരിക്കുന്ന സംഖ്യകളുടെ തുക മുന്‍കൂട്ടി എഴുതി പ്രവചിക്കുക, തന്റെ മുന്നിലിരിക്കുന്നവരുടെ പേരുകള്‍ നിറങ്ങള്‍, കളങ്ങള്‍, സംഖ്യാശ്രേണികള്‍ എന്നിവയിലൂടെ കണ്ടുപിടിക്കുക, മറ്റുള്ളവരുടെ മനസിലുള്ള അക്ഷരങ്ങള്‍, അക്കങ്ങള്‍ എന്നിവ കണ്ടെത്തുക തുടങ്ങിയവയില്‍ കാണികള്‍ അത്ഭുതം കൊള്ളുമ്പോള്‍ ഇതാണ് യാഥാര്‍ഥ ഗണിതതന്ത്രം അഥവാ 'മാത് മാജിക്' എന്ന് കാര്‍ത്തിക് പറയുന്നു. കാര്‍ത്തികിന്റെ ഗണിത മികവിനെ മുന്‍നിര്‍ത്തി പിലിക്കോട് ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി 'ഗണിത പ്രതിഭ'യായി ആദരിച്ചിട്ടുണ്ട്. പയ്യന്നൂര്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രൈമറി അധ്യാപകന്‍ രാജന്‍ അപ്യാലിന്റേയും പെരിങ്ങോം പൊലിസ് സ്റ്റേഷനിലെ സിവില്‍ പൊലിസ് ഓഫിസര്‍ സ്മിതയുടെയും മകനാണ് കാര്‍ത്തിക്. സഹോദരി മേഘന. അന്നൂരിലാണ് താമസം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."