കെ.എസ്.യു സംഘടനാ തെരഞ്ഞെടുപ്പിനിടെ കൊച്ചിയില്‍ സംഘര്‍ഷം
കൊച്ചി: കെ.എസ്.യു സംഘടനാ തെരഞ്ഞെടുപ്പിനിടെ കൊച്ചിയില്‍ സംഘര്‍ഷം. എ,ഐ ഗ്രൂപ്പുകള്‍ സംഘം തിരിഞ്ഞ് ഏറ്റുമുട്ടിയതിനെത്തുടര്‍ന്നു നിരവധി പേര്‍ക്കു പരുക്കേറ്റു. എറണാകുളം കലൂര്‍ ജങ്ഷന് സമീപമായിരുന്നു സംഘര്‍ഷം.
സംഘടനാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തയാള്‍ വോട്ട് ചെയ്യാന്‍ ശ്രമിച്ചതാണു സംഘര്‍ഷത്തിന് കാരണമായത്. പരമാവധി അംഗങ്ങളെ വോട്ട് ചെയ്യിക്കുന്നതിനായി എ, ഐ ഗ്രൂപ്പുകള്‍ ശ്രമിച്ചിരുന്നു. വോട്ടെടുപ്പ് അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം ബാക്കി നില്‍ക്കെ വാഹനങ്ങളില്‍ എത്തിയ ചിലര്‍ വോട്ട് ചെയ്യാന്‍ ശ്രമിച്ചു. ഇതാണ് പ്രശ്നങ്ങള്‍ക്കു തുടക്കമായത്. ഇരുഗ്രൂപ്പുകളും തമ്മിലുളള സംഘര്‍ഷം നഗരത്തിലേക്കും വ്യാപിച്ചു.
നിരവധി വഴി യാത്രക്കാരും വാഹനങ്ങളും കടന്നുപോകുന്ന വഴിയിലായിരുന്നു സംഘര്‍ഷം. തുടര്‍ന്നു പൊലിസ് ലാത്തി വീശി പ്രവര്‍ത്തകരെ പിരിച്ചുവിട്ടെങ്കിലും ഇരു സംഘങ്ങളും രണ്ട് ഭാഗങ്ങളിലായി തമ്പടിച്ചു പൊലിസിനു നേരെ കല്ലെറിഞ്ഞു. പിന്നീട് സംഘര്‍ഷം നിയന്ത്രണ വിധേയമായതോടെ തെരഞ്ഞെടുപ്പു നടപടികള്‍ വീണ്ടും ആരംഭിച്ചു. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനവും ഉണ്ടാകുന്നതോടെ വീണ്ടും സംഘര്‍ഷമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് പിന്നീട് കൂടുതല്‍ പൊലിസിനെ വിന്യസിച്ചിരുന്നു. കഴിഞ്ഞ ദിവസം പത്തനംതിട്ടയിലും കെ.എസ്.യു സംഘടനാ തെരഞ്ഞെടുപ്പിനിടെ സംഘര്‍ഷം ഉണ്ടായിരുന്നു. ജില്ലാഭാരവാഹികളുടെ ഫലം വൈകിട്ടോടെ പ്രഖ്യാപിച്ചു. സംസ്ഥാന പ്രസിഡന്റിനെ ശനിയാഴ്ച പ്രഖ്യാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."