അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചുമാറ്റണം
കല്‍പ്പറ്റ: കാലവര്‍ഷം കനത്തതിനാല്‍ അപകടാവസ്ഥയിലുള്ള മരങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ മുറിച്ചുമാറ്റാനുള്ള നടപടിയെടുക്കണമെന്ന് ജില്ലാകലക്ടര്‍ അറിയിച്ചു. ജനങ്ങളുടെ സ്വത്തിനും ജീവനും ഭീഷണിയായി പൊതുസ്ഥലങ്ങളില്‍ നില്‍ക്കുന്ന മരങ്ങളുടെ ശിഖരങ്ങള്‍ ബന്ധപ്പെട്ട വകുപ്പിലെ ഉദ്യോഗസ്ഥന്‍ മുറിച്ചു നീക്കേണ്ടതാണ്.
ഇതിനായി മറ്റൊരു വകുപ്പിന്റെ അനുമതിയോ പ്രത്യേകിച്ച് ഉത്തരവോ ആവശ്യമില്ല. ഓരോ ദിവസവും അപകടാവസ്ഥയിലുള്ള മരങ്ങള്‍, ശിഖരങ്ങള്‍ എന്നിവ മുറിച്ച് മാറ്റിയതിന്റെ കണക്ക് തഹസില്‍ദാര്‍മാര്‍ ജില്ലാകലക്ടര്‍ക്ക് കൈമാറണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധീനതയിലുള്ള സ്ഥലത്തെ മരത്തിന്റെ ശിഖരം മുറിച്ച് നീക്കുന്നതിന് അതത് തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറി നടപടി സ്വീകരിക്കേണ്ടതാണ്.
ഇതിനുള്ള ചെലവ് അതത് തദ്ദേശസ്വയംഭരണ സ്ഥാപനം വഹിക്കേണ്ടതാണ്. പൊതുമരാമത്ത് വകുപ്പ് അധീനതയിലുള്ള റോഡരികിലെ മരത്തിന്റെ ശിഖരം മുറിച്ച് നീക്കുന്നതിന് പി.ഡബ്ല്യു.ഡി നിരത്ത് വിഭാഗം എക്‌സിക്യുട്ടിവ് എന്‍ജിനീയര്‍ നടപടി സ്വീകരിക്കണം. ഇതിനുള്ള ചെലവ് വകുപ്പ് വഹിക്കണം. സ്വകാര്യഭൂമിയില്‍ നില്‍ക്കുന്ന ഉണങ്ങിയതും മുറിച്ചു നീക്കേണ്ടത് അനിവാര്യവുമായ മരങ്ങള്‍ മുറിക്കുന്നതിനായി ഭൂവുടമ ഫോട്ടോ സഹിതം വില്ലേജ് ഓഫിസര്‍ക്ക് വെള്ളക്കടലാസില്‍ അപേക്ഷ നല്‍കുകയും വില്ലേജ് ഓഫിസര്‍ 24 മണിക്കൂറിനകം സ്ഥലപരിശോധന നടത്തി അനിവാര്യമാണെന്ന് കാണുന്നപക്ഷം മരം മുറിക്കുന്നതിന് അനുമതി നല്‍കേണ്ടതുമാണ്.
ഇത്തരം കേസുകളില്‍ അതത് ദിവസം തന്നെ തഹസില്‍ദാര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ച് നടപടിക്ക് സാധൂകരണം നേടേണ്ടതുമാണ്. മരം മുറിച്ച് നീക്കുന്നതിന് സാധൂകരണം ലഭിക്കുന്നത് വരെ കാത്തിരിക്കേണ്ടതില്ല. ഇതിനുള്ള ചെലവ് അതത് ഭൂ ഉടമ വഹിക്കേണ്ടതാണ്.
മുന്‍ വര്‍ഷങ്ങളില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത കാറ്റിലും മഴയിലും നിരവധി മരങ്ങള്‍ വീണ് ദാരുണമായ ദുരന്തങ്ങളുണ്ടായിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ദുരന്ത നിവാരണ സമിതിയുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് നടപടികള്‍ കെക്കൊള്ളുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."