ടിങ്കുവിനുണ്ട് അഞ്ച് ചങ്ക് ചങ്ങാതിമാര്‍
ചെറുവത്തൂര്‍: വര്‍ഗ ഭേദമെന്യേയുള്ള സൗഹൃദത്തിന് മനുഷ്യര്‍ക്ക് മാതൃകയാവുകയാണ് ചെറഖുവത്തൂരിലെ ടിങ്കുവെന്ന നായയും അഞ്ച് പൂച്ചകളും. ചെറുവത്തൂര്‍ തിമിരിലാണ് ഈ അപൂര്‍വ സൗഹൃദം കൗതുകമാവുന്നത്. തിമിരി തോട്ടപ്പുറത്ത് വീട്ടില്‍ ശങ്കരന്‍ നമ്പൂതിരിയുടെ വീട്ടിലെ വളര്‍ത്തുനായയാണ് ടിങ്കു. രണ്ടുവര്‍ഷം മുന്‍പാണ് ഇവിടുത്തേക്ക് ടിങ്കുവിനെ കൊണ്ടുവന്നത്. വീട്ടുകാരോട് വളരെ പെട്ടെന്ന് തന്നെ ടിങ്കു ഇണങ്ങി. ഇതിനിടയില്‍ ഒരു പൂച്ച ശങ്കരന്‍ നമ്പൂതിരിയുടെ വീട്ടിലെത്തിപ്പെടുകയായിരുന്നു.
എന്നാല്‍ ഏവര്‍ക്കും അത്ഭുതമായി ഈ പൂച്ചയും ടിങ്കുവും ചങ്ങാതിമാരാവുകയും ചെയ്തു. നായ ഉപദ്രവിക്കുമോ എന്ന് കരുതി പൂച്ചയെ അകറ്റി നിര്‍ത്തിയിരുന്ന വീട്ടുകാര്‍ ഈ ചങ്ങാത്തം കണ്ടു അമ്പരന്നു. അങ്ങനെയിരിക്കെ ഈപൂച്ച തന്റെ കിടത്തം പോലും ടിങ്കുവിന്റെ കൂട്ടിനുള്ളിലേക്ക് മാറ്റി. ഉറങ്ങുന്നതും, ആഹാരം കഴിക്കുന്നതുമെല്ലാം ഒരുമിച്ചു തന്നെ.
ഇതിനിടയില്‍ കൂട്ടുകാരായി എത്തിയ പൂച്ചകളുടെ എണ്ണം കൂടി വന്നു. അഞ്ചുപേരുണ്ട് ഇപ്പോള്‍ കൂട്ടുകാര്‍. ഇടയ്ക്ക് ടിങ്കുവിന്റെ പുറത്ത് കയറിയാകും പൂച്ച ചങ്ങാതിമാരുടെ യാത്ര. കൂട്ടിനുള്ളിലാണ് ടിങ്കുവിന് ഭക്ഷണം നല്‍കുന്നത്. തന്റെ പാത്രത്തില്‍ നിന്ന് കൂട്ടുകാര്‍ ഭക്ഷണം പങ്കിട്ട് കഴിക്കുന്നതില്‍ ടിങ്കുവിന് യാതൊരു പരിഭവവുമില്ല. ഭക്ഷണംകഴിക്കുന്ന നേരത്ത് ചങ്ങാതിമാര്‍ എത്തിയില്ലെങ്കില്‍ ടിങ്കു കൂടിനുള്ളില്‍ കാത്തിരിക്കും. ഇവരെത്തിയാല്‍ പാലും ചോറുമെല്ലാം ഇവര്‍ ഒരു പാത്രത്തില്‍ നിന്ന് കഴിക്കുമെന്ന് ശങ്കരന്‍ നമ്പൂതിരിയുടെ ഭാര്യ പത്മിനി അന്തര്‍ജനം പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."