മാംസ വിലവര്‍ധനവിനെതിരേ പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ
മുക്കം: ആഘോഷവേളകളില്‍ മുക്കത്തും പരിസരത്തും കോഴിയിറച്ചിക്കും മാട്ടിറച്ചിക്കും അമിത വില ഈടാക്കുന്നതില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ രംഗത്ത്. മുക്കം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കോഴി മൊത്തവ്യാപാരികളായ മാഫിയകളാണ് പരിസര പ്രദേശങ്ങളില്‍ കോഴിവില വര്‍ധിപ്പിക്കുന്നതെന്ന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ആരോപിച്ചു.
പ്രതിഷേധത്തെ തുടര്‍ന്ന് മുക്കം വ്യാപാരി വ്യവസായി ഏകോപന സമിതി സംഘടനാ നേതാക്കളും മാംസ വ്യാപാരികളും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും മുക്കം വ്യാപാരഭവനില്‍ ചേര്‍ന്ന സംയുക്തയോഗത്തില്‍ കോഴി വിപണി നിയന്ത്രിക്കുന്നത് തമിഴ്‌നാട് ലോബി ആണെന്നും തങ്ങളല്ല വില കൂട്ടുന്നതെന്നും കോഴിവ്യാപാരികള്‍ പറഞ്ഞു.
എല്ല് ഉള്‍പ്പെടെ ഇറച്ചി വാങ്ങാന്‍ ഉപഭോക്താക്കള്‍ തയാറാകാത്തതാണ് മാട്ടിറച്ചി വില കൂടാന്‍ കാരണമെന്നാണ് വ്യാപാരികളുടെ വിശദീകരണം. ഇതര സംസ്ഥാനങ്ങളില്‍നിന്ന് മാടുകളെ കൊണ്ടുവരുന്നതിനുള്ള ചെലവും കാരണമായി പറയുന്നു.
എന്നാല്‍ മറ്റിടങ്ങളിലെല്ലാം വില കുറവാണെന്നും വില കുറച്ചുകൊണ്ട് വ്യാപാരികള്‍ സഹകരിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പറഞ്ഞു. യോഗത്തില്‍ ഡി.വൈ.എഫ്.ഐ നേതാക്കളായ ദീപു പ്രേംനാഥ്, എ.പി ജാഫര്‍ ഷരീഫ്, ഇ. അരുണ്‍, വ്യാപാരി നേതാക്കളായ കെ.സി നൗഷാദ്, എം.കെ സിദ്ദീഖ്, എന്‍.കെ.കെ നൗഷാദ്, കോഴിവ്യാപാരികളായ അബ്ദു ചിക്കന്‍ പാര്‍ക്ക്, ഫൈസല്‍, നാസര്‍, മുജീബ്, മാട്ടിറച്ചി വ്യാപാരികളായ മുട്ടാത്ത് മുഹമ്മദ്, സക്കീര്‍, മൊയ്തീന്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."