വീടിനകത്ത് മ്യൂസിയവും പുറത്ത് കാടും ഒരുക്കി അബ്ദുല്‍ അസീസ് വ്യത്യസ്തനാകുന്നു
പുത്തന്‍ചിറ: കാട് വെട്ടി നശിപ്പിച്ച് പ്രകൃതിയുടെ സംതുലിതാവസ്ഥ തകര്‍ക്കുന്നവര്‍ക്കിടയില്‍ വീടിനകത്ത് മ്യൂസിയവും പുറത്ത് കാടും ഒരുക്കി അബ്ദുല്‍ അസീസ് വ്യത്യസ്തനാകുന്നു. മാളക്കടുത്ത് കുന്നത്തേരി താനത്തുപറമ്പില്‍ അബ്ദുല്‍ അസീസിന് അറുപത്തിയേഴാം വയസിലും പ്രിയം കാടിനോടും പുരാവസ്തുക്കളോടുമാണ്. വിദേശത്ത് ബിസിനസ് നടത്തുന്ന അബ്ദുല്‍ അസീസിന്റെ പുത്തന്‍ചിറ കുന്നത്തേരിയിലുള്ള ഭൂമിയെല്ലാം കാടുകയറി കിടക്കുകയാണ്. എന്നാല്‍ വെറുതെ കാടുകയറിയതല്ലെന്നാണ് ഇയാള്‍ പറയുന്നത്. പണം ചെലവാക്കി വൃക്ഷങ്ങള്‍ നട്ടുപിടിപ്പിച്ച് വര്‍ഷങ്ങള്‍ കൊണ്ട് കാടാക്കി മാറ്റിയതാണെന്ന് അബ്ദുല്‍ അസീസ് അഭിമാനത്തോടെ വ്യക്തമാക്കുന്നു. വിദേശത്ത് ഔക്കാട എന്നറിയപ്പെടുന്ന ബട്ടര്‍ ഫ്രൂട്‌സ് ആണ് ഫലവൃക്ഷങ്ങളിലെ അപൂര്‍വ്വ ഇനം. ജ്യൂസിന് ഉപയോഗിക്കാവുന്ന കണ്ടാല്‍ മാങ്ങ പോലെ തോന്നുന്ന പഴം.
പഴുത്താലും പച്ച നിറത്തിലായിരിക്കും. കൂടാതെ റിച്ചി, മംഗോസ്റ്റിന്‍, ഓറഞ്ച്, ചെറുനാരങ്ങ, റംബൂട്ടാന്‍, വിവിധ ഇനം പേരയ്ക്കകള്‍, മുന്തിരി, കുരുവുള്ള എല്ലാ കാലത്തും ഉണ്ടാകുന്ന കടച്ചക്ക, ചെറി തുടങ്ങിയ നിരവധി ഇനങ്ങളാണ് കാടിനുള്ളില്‍ ഉള്ളത്. കഴിഞ്ഞ 47 വര്‍ഷമായി വിദേശത്ത് ബിസിനസ് നടത്തുന്ന അബ്ദുള്‍ അസീസ് എതാനും വര്‍ഷങ്ങളായി കൂടുതല്‍ സമയം നാട്ടിലാണ്. കാടാക്കി മാറ്റിയ പറമ്പില്‍ നിന്ന് വീട്ടിലേക്ക് കയറിയാല്‍ വിവിധ രാജ്യങ്ങളുടെ ചരിത്രം ആലേഖനം ചെയ്ത അബ്ദുള്‍ അസീസ് ഒരുക്കിയ മ്യൂസിയം കാണാം. വര്‍ഷം പോലും രേഖപ്പെടുത്താത്ത നാണയങ്ങളും കറന്‍സികളും ഈ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. രാജഭരണകാലത്തെ വ്യത്യസ്ത തരത്തിലും മൂല്യത്തിലുമുള്ള നാണയങ്ങള്‍ ശേഖരത്തിലെ പ്രത്യേകതയാണ്. പഴയ വെള്ളിക്കാശ്, ഓട്ടക്കാലണ, ചില്ലിക്കാശ് എന്നിവയും മ്യൂസിയത്തിലുണ്ട്. ഇതില്‍ പലതിന്റെയും പഴക്കം പോലും അറിയാത്തതാണ്. വിദേശ രാജ്യങ്ങളിലെ പഴയ നാണയങ്ങളും കറന്‍സികളും സൂക്ഷിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളിലെ പഴയതും ചരിത്ര പ്രാധാന്യമുള്ളതുമായ തപാല്‍ സ്റ്റാമ്പുകളും ശേഖരിച്ചിട്ടുണ്ട്. ആദ്യം ഇറങ്ങിയതും സ്വന്തമായി ഉപയോഗിച്ചതുമായ മൊബൈല്‍ ഫോണുകള്‍, ലാന്റ് ഫോണുകള്‍, പേജറുകള്‍, ക്ലോക്കുകള്‍ തുടങ്ങിയ നിരവധി ഇനങ്ങളും മ്യൂസിയത്തിലെ കാഴ്ച വസ്തുക്കളാണ്. കൂടാതെ ഏറെ പഴക്കമുള്ള, ഇപ്പോഴും ഉപയോഗിക്കുന്ന കാറുകളും സ്‌കൂട്ടറുകളും വീടിന് മുന്നില്‍ സൂക്ഷിച്ചിട്ടുണ്ട്. വര്‍ഷങ്ങളായി നട്ടുവളര്‍ത്തിയ കാടും, വീട്ടിനകത്ത് പുരാവസ്തു ശേഖരമുല്‍പ്പെടെയുള്ള മ്യൂസിയവും ഒരുക്കിയിട്ടുള്ള അബ്ദുള്‍ അസീസിന് ഇതെല്ലാം ഇപ്പോള്‍ ജീവിതത്തിന്റെ ഭാഗമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."