നഗരത്തില്‍ ഒരുകോടി രൂപയുടെ ഹാഷിഷ് വേട്ട
തിരുവനന്തപുരം: നഗരത്തില്‍ ഒരു കോടിയിലധികം വില വരുന്ന ഹാഷിഷ് ഓയില്‍ കടത്താന്‍ ശ്രമിച്ചവരെ എക്സൈസ് പിടികൂടി. മണ്ണന്തല ഭാഗത്തു വച്ച് കൈമാറാന്‍ ശ്രമിച്ച 10 കിലോ ഗ്രാം ഹാഷിഷ് ഓയിലും അതു വാങ്ങുന്നതിനായി അഡ്വാന്‍സ് ആയി കൊണ്ടു വന്ന പതിമൂന്നര ലക്ഷം രൂപയും രണ്ടു കാറുകളും ഒരു ബൈക്കുമാണ് എക്സൈസ് കസ്റ്റഡിയിലെടുത്തത്. തൃശൂര്‍ പീച്ചി സ്വദേശി ചക്കമുടി പറമ്പില്‍ വീട്ടില്‍ വിനീഷ് കുമാര്‍, കാട്ടാക്കട എസ്.എന്‍ നഗറില്‍ അനൂപ് ഭവനില്‍ അനൂപ്, തമ്പുരാന് മുക്ക് ഹീരാ ആര്‍ക്കേഡില്‍ റനീസ് എന്നിവരാണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്.
എക്സൈസ് കമ്മിഷണര്‍ ഋഷി രാജ് സിങ്ങിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി. അനികുമാറും സംഘവും ചേര്‍ന്ന് നടത്തിയ തന്ത്ര പരമായ നീക്കത്തിലാണ് മയക്കുമരുന്നു കടത്തുസംഘം വലയിലായത്.
വിനീഷ് കുമാര്‍ ആണ് ഹാഷിഷ് ഓയില്‍ തൃശൂര്‍ നിന്ന് കാറിന്റെ പാനലിനുള്ളില്‍ ഒളിപ്പിച്ചു കൊണ്ടു വന്നത്. ഇടനിലക്കാരനായ അനൂപ് മുഖാന്തിരം വിലപറഞ്ഞുറപ്പിച്ചത് പ്രകാരം റനീസ് ഹാഷിഷ് ഓയില്‍ വാങ്ങാന്‍ എത്തുകയായിരുന്നു.
തിരുവനന്തപുരം നഗരത്തിലെ ഒരു പ്രമുഖ ഹോട്ടലിന്റെ നടത്തിപ്പുകാരനായ റനീസ് തിരുവനന്തപുരം നഗരം കേന്ദ്രീകരിച്ചുള്ള വന്‍ മയക്കുമരുന്ന് റാക്കറ്റിലേ പ്രധാന കണ്ണിയാണ്. ഇയാളാണ് പതിമൂന്നര ലക്ഷം രൂപയുമായി ഹാഷിഷ് ഓയില്‍ വാങ്ങുന്നതിനായി എത്തിയത്. മണ്ണന്തലയിലെ ഒരു ഹോട്ടലിന്റെ പാര്‍ക്കിങ് ഏരിയയില്‍ വച്ച് കൈമാറ്റം ചെയ്യാന്‍ എത്തിയപ്പോഴാണ് മൂവരെയും എക്സൈസ് സംഘം പിടികൂടിയത്.
സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി. അനികുമാര്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ സി.കെ അനില്‍കുമാര്‍, പ്രിവന്റിവ് ഓഫിസര്‍മാരായ എ. രാജന്, ദീപുകുട്ടന്‍, സിവില്‍ എക്സൈസ് ഓഫിസര്‍ മാരായ രാജേഷ് കുമാര്‍, അരുണ്‍ കുമാര്‍, ബിനു രാജ്, എസ്. കൃഷ്ണ പ്രസാദ്, എസ്. ശിവന്, മണികണ്ഠന്, ഡ്രൈവര്‍ സുധീര്‍ കുമാര്‍ എന്നിവര്‍ ഉണ്ടായിരുന്നു. എക്സൈസ് കമ്മിഷണര്‍ ഋഷി രാജ് സിങ്, അഡിഷനല്‍ എക്സൈസ് കമ്മിഷണര്‍ എ. വിജയന്, തിരുവനന്തപുരം അസിസ്റ്റന്റ് എക്സൈസ് കമ്മിഷണര്‍ മുഹമ്മദ് ഉബൈദ് എന്നിവര്‍ സ്ഥലത്തെത്തി അവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്കി. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."