കിഴിശ്ശേരിയിലെ റമദാന്‍ സ്‌പെഷല്‍ കടകള്‍ ആരോഗ്യ വകുപ്പ് പൂട്ടിച്ചു:രാത്രികാലങ്ങളില്‍ റമദാനില്‍ മാത്രം പ്രവര്‍ത്തിച്ചുവന്ന താല്‍ക്കാലിക കടകളിലാണ് ആരോഗ്യ വകുപ്പ് പരിശോധന നടത്തിയത്
കിഴിശ്ശേരി: കിഴിശ്ശേരിയില്‍ രാത്രികാലങ്ങളില്‍ റമദാനില്‍ മാത്രം പ്രവര്‍ത്തിച്ചുവരുന്ന താല്‍ക്കാലിക കടകളില്‍ ആരോഗ്യ വകുപ്പ് പരിശോധന നടത്തി പൂട്ടിച്ചു. അരീക്കോട് - കൊണ്ടോട്ടി സംസ്ഥാന പാതയില്‍ കിഴിശ്ശേരി, ബാലത്തില്‍പുറായ, മുണ്ടംപറമ്പ് എന്നിവിടങ്ങളില്‍ അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന റമദാന്‍ സ്‌പെഷല്‍ കടകളിലാണ് ആരോഗ്യ വകുപ്പ്, കുഴിമണ്ണ പഞ്ചായത്ത്, കൊണ്ടോട്ടി പൊലിസ് എന്നിവര്‍ സംയുക്തമായി റെയ്ഡ് നടത്തിയത്. അച്ചാര്‍, ഉപ്പിലിട്ട മാങ്ങ, പ്രത്യേക മസാലക്കൂട്ട് ചേര്‍ത്ത മാങ്ങ, പൈനാപ്പിള്‍, ക്യാരറ്റ് എന്നിവയുടെ മിശ്രിതങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിച്ചു.
ദം സോഡ, കുലുക്കി സര്‍ബത്ത്, ഭൂകമ്പം, ആനമയക്കി എന്നീപേരുകളില്‍ സജീവമായ പാനീയങ്ങള്‍ യുവാക്കളെയാണ് ഒട്ടേറെ ആകര്‍ഷിക്കുന്നത്. രാത്രി ഏഴു മുതല്‍ പത്തുവരെ താല്‍ക്കാലികമായി കെട്ടിയുണ്ടാക്കിയ ശുചിത്വമില്ലാത്ത കേന്ദ്രങ്ങളില്‍ ആരംഭിക്കുന്ന ഇത്തരം കച്ചവടങ്ങള്‍ പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും നിപാ വൈറസ് മൂലമുള്ള പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഇവ ഗൗരവമായി കാണണമെന്നും പരിശോധനക്കെത്തിയവര്‍ പറഞ്ഞു.
താല്‍ക്കാലിക കടകള്‍ കാരണം രാത്രി സമയങ്ങളില്‍ അങ്ങാടിയില്‍ യുവാക്കളുടെ വിളയാട്ടമാണെന്നും ഉപയോഗിച്ചവര്‍ തന്നെ വീണ്ടും ഉപയോഗിച്ച് ലഹരിക്കടിമപ്പെട്ടത് പോലെ പ്രവര്‍ത്തിക്കുന്നെന്നും അങ്ങാടിയില്‍ ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്നുവെന്നും നാട്ടുകാര്‍ ആരോഗ്യ വകുപ്പിനും കൊണ്ടോട്ടി സി.ഐക്കും പരാതി നല്‍കിയിരുന്നു. കുഴിമണ്ണ പഞ്ചായത്തില്‍ ഒരിടത്തും ഇത്തരം കച്ചവടം അനുവദിക്കില്ലെന്ന് പഞ്ചായത്ത് സെക്രട്ടറി എസ്. നൈസാം അറിയിച്ചു. കുഴിമണ്ണ പഞ്ചായത്ത് സെക്രട്ടറി എസ്.നൈസാം, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അബ്ദുല്‍ അസീസ് ആലുങ്ങല്‍, എ.എസ്.ഐ ഇ.പി അയ്യപ്പന്‍ എന്നിവര്‍ റെയ്ഡിന് നേതൃത്വം നല്‍കി. കൊണ്ടോട്ടി സി.ഐ മുഹമ്മദ് ഹനീഫയുടെ നിര്‍ദേശ പ്രകാരം സി.പി.ഒമാരായ ഇ.രാജീവ്, ഇ.രജീഷ്, കെ.അബ്ദു സത്താര്‍, എം. തൗഫീഖുള്ള, മുബാറക്, പി.എസ് രതീഷ്, കെ.ഷാജി, കെ.നൗഷാദലി എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."