നിപാ വൈറസ്: ജില്ലയില്‍ ആശങ്ക വേണ്ട
തൊടുപുഴ: നിപാ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ജില്ലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യങ്ങളൊന്നുമില്ലെന്ന് ജില്ലാ കലക്ടര്‍ ജി.ആര്‍. ഗോകുലിന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗം വിലയിരുത്തി.
അടിയന്തിര സാഹചര്യങ്ങളെ നേരിടുന്നതിന് വേണ്ട എല്ലാ മുന്‍കരുതലുകളും ജില്ലയില്‍ സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശങ്ങളൊന്നും പുറപ്പെടുവിക്കേണ്ട സാഹചര്യങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടില്ല. ആരോഗ്യവകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, വനംവകുപ്പ്, മെഡിക്കല്‍ കോളജ് തുടങ്ങിയ വകുപ്പുകളുടെയും പങ്കാളിത്തത്തില്‍ ജില്ലയില്‍ ഒരു റാപ്പിഡ് റെസ്‌പോണ്‍സ് ടീം പ്രവര്‍ത്തിക്കുന്നതാണ്. വളര്‍ത്തു മൃഗങ്ങളുടെ ഫാമുകള്‍ ഉള്‍പ്പെടെ നിരീക്ഷണത്തിലുണ്ട്. ആരോഗ്യവകുപ്പില്‍ ജില്ലാ തലത്തില്‍ 10 ഡോക്ടര്‍മാരുള്‍പ്പെടെ ഒരു മെഡിക്കല്‍ സംഘം രൂപീകരിക്കപ്പെട്ടിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ആഫീസര്‍ അറിയിച്ചു. സാധാരണപോലെ പനിയുളളവരും സ്വയം ചികിത്സ ഒഴിവാക്കി അടുത്തുളള ആരോഗ്യകേന്ദ്രത്തില്‍ നിന്നും ചികിത്സ തേടേണ്ടതാണ്. അസ്വാഭാവിക സാഹചര്യങ്ങളുണ്ടായാല്‍ അടുത്തുളള ആരോഗ്യകേന്ദ്രത്തിലോ, ആരോഗ്യ പ്രവര്‍ത്തകരേയോ വിവരം അറിയിക്കേണ്ടതാണ്.
മഴക്കാലമാരംഭിക്കുന്നതോടുകൂടി കൊതുകുജന്യരോഗങ്ങള്‍ക്കെതിരെയും, ജലജന്യരോഗങ്ങള്‍ക്കെതിരെയും ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."